കണ്ണൂർ: ഇന്നലെ ചാലയിൽ ടാങ്കർ ലോറി മറിഞ്ഞ വാർത്ത കേട്ടവരുെട മനസ്സിൽ ഓടിയെത്തിയത് ഒമ്പതുവർഷം മുമ്പുള്ള ഒരു ഉത്രാടരാവ്. അന്ന് ചാലയിൽ ടാങ്കർ ലോറി മറിഞ്ഞ് പൊട്ടിത്തെറിച്ച് 20 പേരാണ് വെന്തു മരിച്ചത്. 2012 ആഗസ്റ്റ് 27ന് രാത്രിയിലായിരുന്നു അത്. അതിെൻറ തനിയാവർത്തനം തന്നെയാണ് വ്യാഴാഴ്ചയും ഉണ്ടായത്.
അമിതവേഗത്തിൽ വന്ന ബുള്ളറ്റ് ടാങ്കർ ലോറി റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞു. അന്ന് ടാങ്കർ പൊട്ടിത്തെറിച്ചുവെങ്കിൽ ഭാഗ്യത്തിന് വ്യാഴാഴ്ച അതുണ്ടായില്ല. ചെറിയ വാതക ചോർച്ച ഉണ്ടായെങ്കിലും നിയന്ത്രണ വിധേയമാക്കാനും വാതകം മറ്റു ടാങ്കറുകളിലേക്ക് മാറ്റി അപകടം ഒഴിവാക്കാനും സാധിച്ചു. ഒമ്പതുവർഷം മുമ്പത്തെ അപകടം രാത്രി 11 മണിയോടെ ആയിരുന്നു. രാത്രി രക്ഷാപ്രവർത്തനം ദുഷ്കരമായത് ദുരന്തത്തിെൻറ വ്യാപ്തി കൂട്ടി.
വ്യാഴാഴ്ച ഉച്ചയോടെയാണ് ടാങ്കർ മറിഞ്ഞത്. വിവരമറിഞ്ഞ് പൊലീസ് എത്തിയയുടൻ സമീപത്തുനിന്ന് നാട്ടുകാരെ മാറ്റി. ഗതാഗതം തിരിച്ചുവിട്ടു. ഫയർഫോഴ്സെത്തി മണൽ ചാക്കുകൾ നിറച്ച് വാതക ചോർച്ച തടയുകയും വെള്ളം ചീറ്റി തീപിടിത്ത സാധ്യത ഒഴിവാക്കുകയും ചെയ്തു. ആദ്യ ദുരന്തത്തിൽനിന്നുള്ള പാഠങ്ങൾ ഇത്തരം മുൻകരുതൽ കാര്യക്ഷമമായി ചെയ്യാൻ അധികൃതർക്ക് സഹായകരമായി.
ടാങ്കർ മറിഞ്ഞാൽ ഉണ്ടാകാനിടയുള്ള ദുരന്തത്തിെൻറ വ്യാപ്തി തിരിച്ചറിയാൻ കഴിയാതെ പോയതാണ് ആദ്യദുരന്തത്തിൽ 20 പേർക്ക് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. അന്ന് ടാങ്കർ മറിഞ്ഞയുടൻ ഡ്രൈവർ, സമീപത്തുള്ളവർക്ക് മാറിപ്പോകാൻ മുന്നറിയിപ്പ് നൽകിയിരുന്നു. തൊട്ടുപിന്നാലെയാണ് ടാങ്കർ വൻ ശബ്ദത്തിൽ പൊട്ടിത്തെറിച്ചതും ഒരു കി.മീ ദൂരത്തിൽ തീ പടർന്ന് ആളുകൾ വെന്തുമരിച്ചതും.
ഉഗ്രസ്ഫോടനം കേട്ട് വീടിന് പുറത്തിറങ്ങിയ പലരെയും അഗ്നിവിഴുങ്ങി. മിനിറ്റുകളോളം ആർക്കും പ്രവേശിക്കാനാവാത്ത വിധം പ്രദേശം നിന്നുകത്തുകയായിരുന്നു. തീ അടങ്ങിയ ശേഷം, രക്ഷാപ്രവർത്തകർക്ക് കാണാനായത് പൊള്ളലേറ്റ ശരീരങ്ങളും കത്തിക്കരിഞ്ഞ മൃതദേഹങ്ങളുമായിരുന്നു.
ശ്മശാന ഭൂമിയായി മാറിയിരുന്നു ചാല പ്രദേശം. അഗ്നി ഒരു നാടിനെ വിഴുങ്ങുകയായിരുന്നു. ദുരന്തത്തിൽ മൂന്ന് കുടുംബങ്ങൾ നാമാവശേഷമായി. അഞ്ചുവീടുകൾ കത്തിനശിച്ചു. അറുപതോളം പേർക്ക് പരിക്കേറ്റു. എന്നും ഒാർക്കാതിരിക്കാൻ ശ്രമിക്കുന്ന ദുരന്തമാണ് ചാലക്കാർക്ക് അത്.വ്യാഴാഴ്ചയിലെ ടാങ്കർ അപകടം ചാല നിവാസികളുടെ ഭീതി ഇരട്ടിയാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.