പയ്യന്നൂർ: 2012 ആഗസ്റ്റ് 27ന്റെ ഉത്രാടരാത്രി കണ്ണൂരിന് മറക്കാനാവില്ല. കേരളം കണ്ട ഏറ്റവും വലിയ ടാങ്കർ ദുരന്തത്തിന് അന്നാണ് കേരളം സാക്ഷിയായത്. ചാല ബൈപാസിലുണ്ടായ അപകടത്തിൽ പൊലിഞ്ഞത് 20 മനുഷ്യജീവനുകൾ. സ്വന്തം വീട്ടിൽ അന്തിയുറങ്ങിയ ഒരുപറ്റം മനുഷ്യരായിരുന്നു അന്ന് കണ്ണൂർ ചാലയിൽ വെന്തുരുകിയത്. അപകടം രാത്രിയായതും തീവ്രത കൂടാൻ കാരണമായി. പലരും വിവരമറിയാതെ മരണത്തിന്റെ വായിലേക്ക് ഓടിയണയുകയായിരുന്നു.
ദുരന്തത്തെ തുടർന്ന് അന്നത്തെ കേരളസർക്കാർ ചില നിയമങ്ങളെടുത്തിരുന്നു. ടാങ്കർലോറികളിൽ രണ്ടു ഡ്രൈവർമാർ നിർബന്ധമായും ഉണ്ടായിരിക്കണമെന്നായിരുന്നു അതിലൊന്ന്. പകൽസമയങ്ങളിൽ വാഹനങ്ങൾ ആളൊഴിഞ്ഞ ഇടങ്ങളിൽ നിർത്തി ഡ്രൈവർമാർ വിശ്രമിക്കണമെന്നത് രണ്ടാമത്തേതും. എന്നാൽ, ആദ്യമൊക്കെ രണ്ടുപേർ ഉണ്ടായിരുന്നുവെങ്കിലും ആ തീരുമാനത്തിന് അൽപായുസ്സ് മാത്രമാണുണ്ടായത്. വാതകദുരന്തം അധികൃതർ മറന്നതോടെ ടാങ്കർ ഉടമകൾ പഴയ രീതിയിലേക്കുതന്നെ തിരിച്ചുപോയി. ഇപ്പോൾ എല്ലാ ദീർഘദൂര ടാങ്കർ ലോറികളിലും ഒരാൾ മാത്രമാണുള്ളത്. സാധാരണ ചരക്കുലോറികളിൽ പോലും രണ്ടാളുള്ളപ്പോഴാണിത്.
കഴിഞ്ഞ വർഷം കണ്ണൂരിലും എടാട്ടും 2018, 19 വർഷങ്ങളിലും വെള്ളൂരിലും ടാങ്കറുകൾ അപകടത്തിൽപെട്ടപ്പോഴും ഡ്രൈവർ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ തീരുമാനം ഒരുപരിധിവരെ നടപ്പാകുന്നുണ്ട്. എന്നാൽ, റോഡിലെ തിരക്കുകാരണം ഡ്രൈവർമാർ സ്വയമെടുത്തതാണ് ഈ തീരുമാനമെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ പരിശോധന ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ട്. മറ്റ് സുരക്ഷാ നിർദേശങ്ങളും ജലരേഖയായി പരിണമിച്ചു.
ചൊവ്വാഴ്ച ഏഴിലോട് അപകടത്തിൽപെട്ട ലോറിയിലുണ്ടായ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയും പുറത്തുവരുന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് ചൊവ്വാഴ്ച ദുരന്തം വഴിമാറിയത്. വാതകച്ചോർച്ചയില്ലെന്ന സ്ഥിരീകരണം വരുന്നതിന് മുമ്പുതന്നെ മൊബൈൽ കാമറകൾ നിർബാധം പ്രവർത്തിച്ചിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.