കണ്ണൂർ: സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) സെപ്റ്റംബർ ഒമ്പതിന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കലക്ടർ എസ്. ചന്ദ്രശേഖർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉത്തര മലബാറിൽ ആദ്യമായാണ് അഞ്ചരക്കണ്ടി പുഴയിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് നടക്കുന്നത്. മുഴപ്പിലങ്ങാട് കടവിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ഉച്ചക്ക് 2.30ന് മന്ത്രി മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യും.
ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിയുള്ള ജലോത്സവം അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്താണ് നടക്കുക. കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള, 60 അടി നീളമുള്ള 14 ചുരുളൻ വള്ളങ്ങളാണ് പങ്കെടുക്കുക. കണ്ണൂരിൽനിന്ന് രണ്ടും കാസർകോട്ടുനിന്ന് 12ഉം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാർ ഉണ്ടായിരിക്കും. നാല് ഹീറ്റ്സ് മത്സരങ്ങളും അതിൽനിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും നടക്കും.
20 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. ജേതാക്കൾക്ക് ഒന്നരലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 50,000 രൂപയുമാണ് ലഭിക്കുക. ജേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഒന്നേകാൽ ലക്ഷം രൂപ ബോണസായും നൽകും. വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളുണ്ടാവും. ബോട്ട് ലീഗ് കഴിഞ്ഞ വർഷം ചാലിയാറിൽ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഉത്തര മലബാറിൽ ജലോത്സവം എത്തുന്നത്. വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ടൂറിസം വകുപ്പ് ജോയൻറ് ഡയറക്ടർമാരായ ഡി. ഗിരീഷ് കുമാർ, ടി.ജി. അഭിലാഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.