തലശ്ശേരി: ചന്ദ്രയാൻ-3 അമ്പിളിക്കല തൊടുമ്പോൾ തലശ്ശേരിക്കാരും ആഹ്ലാദത്തിൽ പങ്കാളികളായി. ചരിത്രം സൃഷ്ടിച്ച ദൗത്യസംഘത്തിൽ യുവശാസ്ത്രജ്ഞൻ തലശ്ശേരി ചിറക്കര നഫീസ മൻസിലിൽ ഷാജഹാനുമുണ്ടായിരുന്നു. തലശ്ശേരിക്കാർക്ക് ഇത് രണ്ടാം തവണയാണ് ഷാജഹാൻ അഭിമാന മുഹൂർത്തം നൽകുന്നത്. ഐ.എസ്.ആർ.ഒ.വിൽ ജോലിചെയ്യുന്ന ഈ തലശ്ശേരിക്കാരൻ രാജ്യത്തിന്റെ അഭിമാനമായ മംഗൾയാൻ ദൗത്യത്തിലും ഉൾപ്പെട്ടിരുന്നു.
ഉന്നതപഠനത്തിന് ശേഷമാണ് ബഹിരാകാശ സ്വപ്നവുമായി ഐ.എസ്.ആർ.ഒവിൽ ചേർന്നത്. ലോകത്തിന്റെ മുഴുവൻ പ്രശംസ പിടിച്ചുപറ്റിയ മംഗൾയാൻ ചൊവ്വയുടെ പൂമുഖത്ത് എത്തിച്ച ദൗത്യത്തിന് പിറകെയാണ് ചന്ദ്രയാനൊപ്പവും ചേർന്നത്. മംഗൾയാൻ ദൗത്യത്തിൽ പങ്കാളിയായ ഷാജഹാന് നേരത്തേ തലശ്ശേരിയിൽ വരവേൽപ് നൽകിയിരുന്നു. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഭാഗമായതിൽ തികഞ്ഞ അഭിമാനവും അതിലേറെ ആഹ്ലാദവുമുണ്ടെന്ന് ഷാജഹാൻ പറഞ്ഞു. തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിലാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. സ്പീക്കർ എ.എൻ. ഷംസീർ ഷാജഹാനെ വിളിച്ച് അഭിനന്ദനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.