പീരുമേട്: എ.ടി.എമ്മുകളിൽ എത്തുന്ന പ്രായമായവരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ആലക്കോട് ഉദയഗിരി കുന്നേൽ വീട്ടിൽ ഷിജുരാജിനെയാണ് (31) പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. പണം പിൻവലിക്കാൻ എത്തുന്ന പ്രായമായവരെ സഹായിക്കാനെന്ന വ്യാജേന എ.ടി.എം കൗണ്ടറിനുള്ളിൽ കയറി ഇവരുടെ കാർഡ് വാങ്ങി രഹസ്യ നമ്പർ കൈക്കലാക്കും. തുടർന്ന് ഇവരുടെ പണം എടുത്ത് നൽകും.
എന്നാൽ, ഇവർക്ക് പകരം നൽകുന്നത് ഇയാളുടെ കൈവശമുള്ള മറ്റൊരു കാർഡായിരിക്കും. പലരും ഇത് ശ്രദ്ധിക്കില്ല. ഇങ്ങനെ കബളിപ്പിച്ചെടുക്കുന്ന കാർഡുകൾ ഉപയോഗിച്ച് മറ്റ് പലയിടങ്ങളിൽനിന്നും പണം പിൻവലിക്കുകയും ചെയ്യുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 30ൽപരം ആളുകൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇയാൾ ഏലപ്പാറ, മുണ്ടക്കയം വണ്ടിപ്പെരിയാർ, കുമളി തുടങ്ങിയ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിച്ചതായി പൊലീസ് കണ്ടെത്തി.
ചെമ്മണ്ണ് സ്വദേശി അഗസ്റ്റിന്‍റെ 83,000 രൂപയാണ് നഷ്ടപ്പെട്ടത്. ഇയാൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇടുക്കി ജില്ല പൊലീസ് മേധാവി കറുപ്പസ്വാമിയുടെ നിർദേശാനുസരണം പീരുമേട് ഡിവൈ.എസ്.പി സി.ജി. സനിൽ കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അജേഷ്, അബ്സർ, ഇസ്മായിൽ സിവിൽ പൊലീസ് ഓഫിസർമാരായ സിയാദ്, ജോജി, സുനീഷ്, ബഷീർ, ജിനേഷ്, അജി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ സ്ഥലങ്ങളിൽ ഇയാൾ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനിരയായവർ പീരുമേട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഡിവൈ.എസ്.പി സി.ജി. സനിൽ കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.