കണ്ണൂർ: അന്തർ സംസ്ഥാന തൊഴിലാളികളെ മലയാളഭാഷ പഠിപ്പിക്കാന്‍ ആന്തൂര്‍ നഗരസഭയില്‍ ചങ്ങാതി പദ്ധതി തുടങ്ങുന്നു. അതിഥി തൊഴിലാളികളെ സാക്ഷരരാക്കാന്‍ സാക്ഷരത മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. വ്യവസായ വികസന പ്ലോട്ടിലെ 50 തൊഴിലാളികളെ നാലു മാസം കൊണ്ട് മലയാളഭാഷയും സാംസ്കാരിക പൈതൃകവും പഠിപ്പിക്കും. സർവേ നടത്തി പഠിതാക്കളെ കണ്ടെത്തിയ ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുക. ഇതിനായി പരിശീലകരെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കും. വ്യവസായികളുടെ പ്രതിനിധികള്‍, ലേബര്‍ ഓഫിസ്, ജനമൈത്രി പൊലീസ്, നഗരസഭ ഭരണസമിതി എന്നിവയുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടക്കും. വ്യവസായ കേന്ദ്രം കെട്ടിടത്തിലാണ് ക്ലാസുകള്‍ നല്‍കുക. ഇതിനായി ‘ഹമാരി മലയാളം’ എന്ന പേരില്‍ പ്രത്യേക പാഠപുസ്തകവും സാക്ഷരത മിഷന് തയാറാക്കിയിട്ടുണ്ട്.
സംഘാടക സമിതി രൂപവത്കരണ യോഗം നഗരസഭ ചെയര്മാന് പി. മുകുന്ദന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് വി. സതീദേവി അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷന് ജില്ല കോഓഡിനേറ്റര്‍ ഷാജു ജോണ്‍, അസിസ്റ്റന്റ് കോഓഡിനേറ്റര്‍ ടി.വി. ശ്രീജന് എന്നിവര്‍ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. ഉണ്ണികൃഷ്ണന്, സെക്രട്ടറി പി.എന്‍. അനീഷ്, ഡോ. നീരജ്, ടി. സുരേഷ് ബാബു, കെ. രാജിനി തുടങ്ങിയവര്‍ പങ്കെടുത്തു. വി.പി. രാജേന്ദ്രന് കണ്‍വീനറായുള്ള 51 അംഗ സംഘാടകസമിതിക്കാണ് രൂപം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.