കണ്ണൂർ: ചിക്കനും മട്ടനും ബീഫും വിലയുടെ കാര്യത്തിൽ മത്സരിക്കുകയാണ്. ജില്ലയിൽ റെക്കോഡ് വിലയാണ് മൂന്നിനും. വേനൽ തുടക്കം മുതൽ കോഴിയിറച്ചി വില കുത്തനെ ഉയരുകയാണ്. നിലവിൽ 180 രൂപയാണ് ഒരു കിലോ കോഴിക്ക്. ഇറച്ചിയാണെങ്കിൽ 260 മുതൽ 270 വരെ. ഈ മാസം കിലോക്ക് 30 രൂപയിലധികമാണ് കൂടിയത്. കഴിഞ്ഞമാസം ബ്രോയിലർ കോഴിക്ക് കിലോക്ക് 150 രൂപയായിരുന്നു.
കഴിഞ്ഞ മേയിൽ 140 രൂപയിൽ താഴെയായിരുന്നു ചിക്കൻ വില. കോഴി ബിരിയാണിയും കറിയുമൊക്കെയായി ഭക്ഷണം കുശാലാക്കാൻ നോക്കുന്നവരുടെ കീശ കീറുന്ന തരത്തിലാണ് വർധന. ചൂടുകാരണം ഉൽപാദനം പകുതിയായി കുറഞ്ഞതാണ് വില വർധിക്കാൻ കാരണമായി പറയുന്നത്. ഉയർന്ന ചൂടിൽ ഫാമുകളിലെ കോഴിക്കുഞ്ഞുങ്ങൾ ചത്തുപോയി.
അവശേഷിച്ചവ ചൂടിൽ തീറ്റയെടുക്കുന്നത് കുറഞ്ഞത് വളർച്ചയെയും ബാധിച്ചു. കോഴിയുടെ തൂക്കവും കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ രണ്ട് കിലോയിൽ താഴെ തൂക്കമുള്ള കോഴികൾ മാത്രമാണ് തമിഴ്നാട്ടിൽനിന്ന് എത്തുന്നത്. വിലവർധനയിൽ സർക്കാർ ഇടപെടണമെന്നാണ് ചെറുകിട വ്യാപാരികൾ ആവശ്യപ്പെടുന്നത്.
ബീഫിന് റെക്കോഡ് വിലയാണ് കണ്ണൂരിൽ. 340 മുതൽ 360 രൂപ വരെയാണ് കിലോക്ക്. കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് പോത്തുകളെ എത്തിക്കുന്നത്. 40 രൂപയാണ് കഴിഞ്ഞയാഴ്ച കൂടിയത്.
പോത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ആട്ടിറച്ചിക്ക് വില 800 രൂപയിലെത്തി. വില കൂടിയതോടെ കടകളിൽ ഇറച്ചി വിൽപന കുറഞ്ഞതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇത് വ്യാപാരികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.