കണ്ണൂർ: കാക്കി കണ്ടാൽ ഭയന്നൊളിക്കുന്ന കുട്ടിക്കാലം ഇനി പഴങ്കഥയാകും. പൊലീസ് ഇനി കുട്ടികൾക്ക് സുഹൃത്തുമാത്രമല്ല വഴികാട്ടികൂടിയാകും. 'കാപ്' (ചിൽഡ്രൻ ആൻഡ് പൊലീസ്) പദ്ധതിയിലൂടെയാണ് ജില്ലയിലെ സ്റ്റേഷനുകൾ ശിശുസൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.
കുട്ടികൾക്ക് പൊലീസിനോടുള ഭയം അകറ്റി കൂടുതൽ ശിശുസൗഹദ അന്തരീക്ഷം വളർത്തുക എന്നതാണ് കാപ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ജില്ലയിൽ കണ്ണൂർ ടൗൺ, പാനൂർ, കൂത്തുപറമ്പ് സ്റ്റേഷനുകളാണ് ശിശുസൗഹൃദ പദ്ധതി പ്രവർത്തനം തുടങ്ങിയത്. ഇത് കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും.
കുട്ടികളെ സംബന്ധിച്ച് പൊലീസ് എന്നത് ഭീതിയുള്ള ചിത്രമാണ്. ഇതിൽ കാര്യമായ മാറ്റംവരുത്തി കുട്ടികളിലെ നൈസർഗിക വാസനകൾ വളർത്തിയെടുക്കുന്ന പരിശീലനമടക്കം 'കാപി'ന് കീഴിൽ നൽകുമെന്ന് കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കോടേരി പറഞ്ഞു.
ഇതിെൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്ന് സ്റ്റേഷനിലും ചൈൽഡ് വെൽഫെയർ ഓഫിസറെ ചുമതലെപ്പടുത്തി. പ്ലസ് ടു വരെയുള്ള കൗമാര പ്രായക്കാർക്ക് ആവശ്യമായ ബോധവത്കരണ ക്ലാസാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ലഹരി -മയക്കുമരുന്നിെൻറ വിപത്തിനെ സംബന്ധിച്ച അവബോധം വിദ്യാർഥികളിൽ വളർത്തുകയെന്നതാണ് ആദ്യഘട്ട ബോധവത്കരണ ക്ലാസിലൂടെ ലക്ഷ്യമിടുന്നത്.
മുമ്പ് കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഞായറാഴ്ചകളിൽ കുട്ടികളുടെ ഡോക്ടറുടെ സൗജന്യ സേവനം ആവശ്യമുള്ളവർക്ക് ലഭ്യമാക്കിയിരുന്നു. എന്നാൽ, കോവിഡിനെ തുടർന്ന് ഇത് നിലച്ചു. ഇത് പുനരാരംഭിക്കാനുള്ള നീക്കവും കാപിന് കീഴിൽ നടക്കുന്നുണ്ട്. 'അഭിരുചിക്ക് അടിത്തറ' എന്ന പേരിൽ കുട്ടികൾക്കായി ഷോർട്ട് ഫിലിം നിർമാണ പരിശീലനവും ആലോചനയിലുള്ളതായി ടൗൺ സ്റ്റേഷൻ ചൈൽഡ് വെൽെഫയർ പൊലീസ് ഓഫിസർ സി.കെ. സുജിത്ത് പറഞ്ഞു.
ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന ഹ്രസ്വചിത്രം കുട്ടികളെ കൊണ്ട് തയാറാക്കുക എന്നതാണ് പദ്ധതി. കുട്ടികളുടെ ക്രിയാത്മകമായ കഴിവ് പരിപോഷിപ്പിക്കുകയെന്നതാണ് ഇതിെൻറ ലക്ഷ്യമെന്ന് സുജിത്ത് പറഞ്ഞു. ഇതിനായി വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിക്കും.
എ.എസ്.പി പ്രിൻസ് അബ്രഹാമാണ് ശിശുദിനത്തിൽ തുടങ്ങിയ പദ്ധതിയുടെ ജില്ല നോഡൽ ഓഫിസർ. കൂത്തുപറമ്പ് എസ്.എച്ച്.ഒ ബിനുമോഹനാണ് അസി. നോഡൽ ഓഫിസർ. പദ്ധതിയിലൂടെ കുട്ടികൾക്ക് ഭയരഹിതമായി പൊലീസിനോട് ഇടപെടാനും സംസാരിക്കാനുമുള്ള സാഹചര്യം ഉടലെടുക്കുമെന്ന് ശ്രീജിത്ത് കോടേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.