ചൊക്ലി: പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് ചൂടിൽ. എൽ.ഡി.എഫിലെ എൻ.എസ്. ഫൗസിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ്. എൽ.ഡി.എഫിന് വേണ്ടി സി.പി.എമ്മിലെ തീർഥ അനൂപും യു.ഡി.എഫിന് വേണ്ടി മുസ്ലിം ലീഗിന്റെ നജ്മ തൈപറമ്പത്തും എൻ.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ കെ.പി. സൗമ്യയുമാണ് മത്സരിക്കുന്നത്.
ചൊക്ലി പഞ്ചായത്തിലെ മൂന്ന്, 12, 14, 15, 16 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഡിവിഷൻ. ഇതിൽ അഞ്ച് വാർഡുകളിലും എൽ.ഡി.എഫ് മെംബർമാരാണ്. ചൊക്ലി പഞ്ചായത്തും പാനൂർ ബ്ലോക്ക് പഞ്ചായത്തും ഭരിക്കുന്നതും എൽ.ഡി.എഫാണ്. ഈ ബ്ലോക്കിൽ പ്രതിപക്ഷമില്ലെന്നതും പ്രത്യേകതയാണ്. 1815 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ സി.പി.എമ്മിലെ ഫൗസി കോൺഗ്രസിലെ ഉല്ലാസത്തെ പരാജയപ്പെടുത്തിയത്.
6395 വോട്ടർമാരുള്ള ഡിവിഷനിൽ 100 ഓളം കന്നി വോട്ടർമാരുണ്ട്. 23 കാരിയായ തീർത്ഥ അനൂപ് ഒളവിലം പാത്തിക്കൽ സ്വദേശിയും വാർഡ് 12ലെ വോട്ടറുമാണ്. പീടികകണ്ടി അനൂപ് -റീന ദമ്പതികളുടെ മകളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നിയങ്കകാരിയായ തീർഥ 2022 -23ൽ മാങ്ങാട്ട് പറമ്പ് യൂനിവേഴ്സിറ്റി കാമ്പസ് വൈസ് ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എം.സി.എ ഫസ്റ്റ് ക്ലാസോടെ പാസായ തീർഥ ചൊക്ലി ഗുരുകുലം വിദ്യാലയത്തിലെ താൽക്കാലിക അധ്യാപികയാണ്. സീറ്റ് നിലനിർത്തുന്നതോടൊപ്പം ഭൂരിപക്ഷം വർധിപ്പിക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം.
യു.ഡി.എഫിന് വേണ്ടി മത്സരത്തിനിറങ്ങുന്ന നജ്മ തൈപറമ്പത്ത് ചൊക്ലി പഞ്ചായത്ത് വനിത ലീഗ് പ്രസിഡന്റാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് രണ്ടാം അങ്കമാണ് നജ്മക്ക്. കഴിഞ്ഞ തവണ വാർഡ് അഞ്ചിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വാർഡ് 10 മത്തിപറമ്പ് സ്വദേശിയാണ് നജ്മ.
തൈപറമ്പത്ത് താജുദ്ദീന്റെ ഭാര്യയാണ്. തലശേരി സി.എച്ച് സെന്റർ ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യമാണ്. കഴിഞ്ഞ തവണ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥി ഈ ഡിവിഷനിൽ മൽസരിച്ചിരുന്നു. ഇത്തവണ വെൽഫെയർ പാർട്ടി മത്സരിക്കാത്തത് ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.
എൻ.ഡി.എ സ്ഥാനാർഥി കെ.പി. സൗമ്യ ബി.ജെ.പി പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. സൗമ്യയുടെ കന്നിയങ്കമാണിത്. ബി.ജെ.പി കതിരൂർ മണ്ഡലം ട്രഷറർ ജിജേഷ് മേനാറത്തിന്റെ ഭാര്യയാണ്. കഴിഞ്ഞ തവണ ഡിവിഷനിൽ എൻ.ഡി.എക്ക് സ്ഥാനാർഥിയുണ്ടായിരുന്നില്ല.
സിറ്റിങ് സീറ്റ് നിലനിർത്താൻ എൽ.ഡി.എഫും സീറ്റ് പിടിച്ചെടുത്ത് ബ്ലോക്ക് പഞ്ചായത്തിൽ പ്രതിപക്ഷമാവാൻ യു.ഡി.എഫും ഡിവിഷനിലെ ശക്തി പ്രകടിപ്പിക്കാൻ എൻ.ഡി.എയും പ്രചാരണ രംഗത്ത് സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.