ശ്രീകണ്ഠപുരം: കുഴഞ്ഞുവീണ് മരിച്ച പയ്യാവൂർ കാഞ്ഞിരക്കൊല്ലി പാടാംകവല വനാതിര്‍ത്തിയില്‍ താമസിക്കുന്ന മണിയന്‍കുന്നേല്‍ അഗസ്തിയുടെ മൃതദേഹം സംസ്കരിക്കാന്‍ പള്ളിക്കാര് വിസമ്മതിച്ചു.
ഇതേത്തുടര്‍ന്ന് പൊലീസ് ഇടപെട്ട് മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. എട്ടിന് വൈകീട്ട് വീടിനടുത്ത റോഡിലാണ് അഗസ്തി കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ മകന് കര്‍ണാടക ഹസനില്‍ ജോലിക്ക് പോയി ഏതാനും ദിവസം മുമ്പ് വീട്ടില്‍ തിരിച്ചെത്തിയതിനാല്‍ അഗസ്തിക്ക് കോവിഡ് ഉണ്ടോയെന്നറിയാന്‍ സ്രവം പരിശോധനക്കയച്ചിരുന്നു.
പരിശോധന ഫലം നെഗറ്റിവായതിനെ തുടര്‍ന്ന് ബുധനാഴ്ച പരിയാരം മെഡി. കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി നാട്ടിലേക്ക് കൊണ്ടുവന്നു.എന്നാല്‍ പാടാംകവല പള്ളി അധികൃതര്‍ മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചു. പള്ളിയുമായി സഹകരിക്കാത്ത ആളാണ് അഗസ്തി എന്നാണ് പള്ളിക്കാരുടെ വാദം. തുടര്‍ന്ന് പൊലീസ് കാഞ്ഞിരക്കൊല്ലി പള്ളി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവരും വിസമ്മതിക്കുകയായിരുന്നു.
അതിനിടയില്‍ അഗസ്തിയുടെ സ്വന്തം നാട് പുലിക്കുരുമ്പയാണെന്ന വിവരം പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പുലിക്കുരുമ്പ പള്ളിക്കാരുമായി ബന്ധപ്പെട്ടെങ്കിലും 30 വര്‍ഷം മുമ്പ് അവിടെനിന്ന് സ്ഥലം വിട്ടയാളാണെന്നും അതിനാല്‍ അവിടെ സംസ്കരിക്കാന്‍ പറ്റില്ലെന്നുമാണ് അറിയിച്ചത്.
തുടര്‍ന്ന് എസ്.ഐ പി.സി. രമേശന് പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തി മൃതദേഹം പയ്യാവൂര്‍ പതിറ്റടിപറമ്പില് ദഹിപ്പിക്കുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.