കണ്ണൂർ: സിറ്റി ഗ്യാസ് പദ്ധതിയുടെ റെഗുലേഷന് സ്കിഡ് സ്ഥാപിക്കുന്നതിന് ചേലോറയിലെ റവന്യൂ ഭൂമി പാട്ടത്തിന് നൽകുന്നതിന് അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചേലോറയിലെ 0.15 ആര് വിസ്തൃതിയിലുള്ള ഭൂമി ഇതിനായി പാട്ടത്തിന് നല്‍കുന്നതിന് റവന്യൂ വകുപ്പിന് എന്‍.ഒ.സി നല്കാൻ യോഗം തീരുമാനിച്ചു.
പൈപ്പ് വഴി പാചകവാതകം വീടുകളിലേക്ക് എത്തിക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. കോർപറേഷന്റെ 14,15,16,17,18,20,22,25 ഡിവിഷനുകൾക്ക് ആദ്യഘട്ടത്തിൽ പ്രയോജനം ലഭിക്കുന്ന പദ്ധതി മന്ദഗതിയിലാണ്. എട്ട് ഡിവിഷനുകളിലെ റോഡുകൾ അടക്കം പൈപ്പിടലിനായി പൊട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട രണ്ടുവര്‍ഷമായി എട്ടു ഡിവിഷനുകളില്‍ പ്രവൃത്തികളെല്ലാം സ്തംഭിച്ചിരിക്കുന്നതിൽ ജനങ്ങളും പ്രതിഷേധത്തിലാണ്.
അതിനാല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നത് ദീർഘനാളത്തെ ആവശ്യമാണ്. ഇതിന് വേഗം നൽകാനാണ് ചേലോറയിൽ റെഗുലേഷന് സ്കിഡിന് വഴിയൊരുങ്ങിയത്. അതിനിടെ ചേലോറയില്‍ റെഗുലേഷന് സ്കിഡ് സ്ഥാപിക്കാന്‍ ഭൂമി പാട്ടത്തിന് അനുവദിക്കുന്നതിന് എന്‍.ഒ.സിക്കായി സമര്‍പ്പിച്ച അപേക്ഷ അടിയന്തര പ്രാധാന്യമുള്ള അജണ്ടയല്ലെന്നും സര്‍ക്കാറിന്റെ കോടികളുടെ അഴിമതിക്ക് കോര്പറേഷന് കൂട്ടുനില്‍ക്കുകയാണെന്നും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷ് ആരോപിച്ചു.
ഇത് ബഹളത്തിനിടയാക്കി. പി.കെ. രാഗേഷിനെ എതിർത്ത് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം മുന്നോട്ടുവന്നു. രാഗേഷുമായി കൊമ്പുകോർത്ത മേയർ ടി.ഒ. മോഹനൻ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കില്ലെന്നും പണി നടത്താനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ടു പോകുമെന്നും പറഞ്ഞു. മേയര്‍ ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്നും സ്റ്റിയറിങ് കമ്മിറ്റിയെ അറിയിക്കാതെയാണ് പല പദ്ധതികളും നടപ്പാക്കുന്നതെന്നുമായി രാഗേഷിന്റെ വാദം.
കൗണ്‍സിലറായി എന്താണ് ചെയ്യേണ്ടതെന്ന ബോധ്യം രാഗേഷിനില്ലെന്നും സ്റ്റിയറിങ് കമ്മിറ്റി യോഗങ്ങള്‍ വിളിക്കുമ്പോള്‍ രാഗേഷ് വിട്ടു നില്‍ക്കുകയാണെന്നും പദ്ധതികള്‍ സുഗമമായി നടക്കുന്നതിന് തടയിടാനാണ് ശ്രമിക്കുന്നതെന്നും മേയര്‍ പറഞ്ഞു. പൊതുകാര്യങ്ങൾക്ക് തടസ്സം നില്‍ക്കരുതെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ വികസനത്തിൽ കൂട്ടിച്ചേർക്കരുതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ചേലോറയിൽ റെഗുലേഷന് സ്കിഡിന് റവന്യൂ ഭൂമി പാട്ടത്തിന് നൽകുന്നതിന് എന്‍.ഒ.സിക്ക് വേണ്ടി സമര്‍പ്പിച്ച അപേക്ഷ കൗണ്‍സില്‍ അംഗീകരിച്ചു. 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള വാര്‍ഡ് കമ്മിറ്റികള്‍ സെപ്റ്റംബര്‍ 25ന് ആരംഭിച്ച് ഒക്ടാബര്‍ 10 നകം പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
മേയര്‍ ടി.ഒ. മോഹനന്, പി.കെ. രാഗേഷ്, എം.പി. രാജേഷ്, മുസ്ലിഹ് മഠത്തില്‍, ടി. രവീന്ദ്രന്, എന്‍. ഉഷ, കൂക്കിരി രാജേഷ്, കെ.പി. അബ്ദുൽ റസാഖ്, കെ. പ്രദീപന്, ഇ.ടി. സാവിത്രി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.