കണ്ണൂർ: സിറ്റി റോഡ് നവീകരണ പദ്ധതിക്ക് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ വ്യാപക ആശങ്ക. തയ്യിൽ തെക്കിലപീടിക റോഡിനായി ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച് ഇറക്കിയ വിജ്ഞാപനത്തിൽ ഈ മേഖലയിലുള്ളവർ ആശങ്കയിലാണ്. നിലവിൽ പദ്ധതി പ്രദേശത്തുനിന്ന് 100 മീറ്ററോളം അകലത്തിലുള്ള വീടുകളുടെയും സ്ഥലങ്ങളുടെയും പേരും സർവേ നമ്പറും പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. റോഡിെൻറ അലൈൻമെൻറ് സംബന്ധിച്ച് നേരത്തെ തന്നെ നിരവധി പരാതികളുണ്ടായിരുന്നു. ഇതുസംബന്ധിച്ച നിവേദനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കൈമാറിയപ്പോൾ വിഷയം പരിഹരിക്കാമെന്ന ഉറപ്പ് തന്നതിനിടെയാണ് വിജ്ഞാപനം പുറത്തിറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.
കുറുവ റോഡ് ജങ്ഷൻ മുതൽ തെക്കിലപീടിക ജങ്ഷൻ വരെ 2.8കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമിക്കുക. കുറുവ ജങ്ഷൻ, ഉരുവച്ചാൽ കിണർ പരിസരം തുടങ്ങിയ ഭാഗങ്ങളിലാണ് പദ്ധതി പ്രദേശത്തുനിന്നും ദൂരെയുള്ള കൂടുതൽ സ്ഥലങ്ങൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടത്. പട്ടികയിൽ നൽകിയ ഭൂമി റോഡ് നവീകരണത്തിനും നിർമാണത്തിനും ആവശ്യമുണ്ടെന്നും ആവശ്യമുണ്ടാകാൻ ഇടയുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു. ആക്ഷേപമുണ്ടെങ്കിൽ 15 ദിവസങ്ങൾക്കുള്ളിൽ സ്പെഷൽ തഹസിൽദാറെ വിവരമറിയിക്കാനും അറിയിപ്പിൽ പറയുന്നു.
നേരത്തെ അലൈൻമെൻറ് മാർക്ക് ചെയ്തപ്പോൾ ചില സ്ഥലയുടമകൾക്ക് നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ, ഇതുവരെ അറിയിപ്പൊന്നും ലഭിക്കാത്തവരുടെ വിവരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പദ്ധതി പ്രദേശം സംബന്ധിച്ചോ വിജ്ഞാപനം സംബന്ധിച്ചോ പൊതുജനങ്ങൾക്ക് വലിയ അറിവൊന്നുമില്ല. സർവേ, റീസർവേ നമ്പറുകളും കൈവശക്കാരെൻറ വിവരങ്ങളും അടക്കം വിജ്ഞാപനം ഇറങ്ങിയതോടെ ആളുകൾ ആശങ്കയിലാണ്. വീടെടുക്കാനോ വിൽപന നടത്താനോ കഴിയില്ലെന്ന ആശങ്കയിലാണ് ജനങ്ങൾ. വിഷയം കോർപറേഷൻ മേയറുടെയും ബന്ധപ്പെട്ട അധികൃതരുടെയും ശ്രദ്ധയിൽപെടുത്താനാണ് നാട്ടുകാരുടെ തീരുമാനം.കണ്ണൂർ കോർപറേഷനിലും ചിറക്കൽ പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന 28.6 ഹെക്ടർ സ്ഥലമാണ് സിറ്റി റോഡ് നവീകരണ പദ്ധതിക്കായി ആവശ്യമുള്ളത്. പദ്ധതി ബാധിക്കുന്ന സ്ഥലങ്ങളിൽ 12 ശതമാനം മാത്രമാണ് ഉപയോഗരഹിതമായി കിടക്കുന്നത്. കണ്ണൂരിലെ റോഡുകളെ ഗതാഗതക്കുരുക്കില്ലാത്ത കാൽനടയാത്ര സൗഹൃദമായ മാതൃക റോഡുകളായി മാറ്റുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തയ്യിൽ തെഴുക്കിലെപീടിക റോഡടക്കം 11 റോഡുകളാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.