കണ്ണൂർ: ആറന്മുള സദ്യയുണ്ണാൻ അവസരമൊരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥാടന യാത്ര’ എന്ന ടാഗ് ലൈനിൽ യാത്ര സംഘടിപ്പിക്കുന്നത്.
തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നാണ് സങ്കൽപം. ഇന്ത്യയിലെ 108 വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ.
ആറന്മുള പള്ളിയോട സേവ സംഘത്തിന്റെ നേത്യത്വത്തിൽ ഒക്ടോബർ രണ്ടുവരെ നടത്തുന്ന ആറന്മുള വള്ളസദ്യയിലെ ചടങ്ങുകൾ കാണുന്നതിനും കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിൽ പങ്കെടുക്കുന്നതിനും തീർഥാടകർക്ക് അവസരം ലഭിക്കും. ലോഹക്കൂട്ടുകളാൽ നിർമിക്കുന്ന പ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെ നിർമാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനും സൗകര്യമുണ്ടാവും.
സെപ്റ്റംബർ ഒമ്പത് ശനിയാഴ്ച രാവിലെ 5.30ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് വൈക്കം, കടുത്തുരുത്തി , ഏറ്റുമാനൂർ, ചോറ്റാനിക്കര എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി അന്ന് രാത്രി ചെങ്ങന്നൂരിൽ ഹോട്ടലിൽ താമസം. രണ്ടാമത്തെ ദിവസം പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം നടത്തി പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യയിലും പങ്കെടുത്ത് വൈകീട്ട് കണ്ണൂരിലേക്ക് തിരിക്കും. തിങ്കളാഴ്ച രാവിലെ ആറിന് കണ്ണൂരിൽ തിരിച്ചെത്തും. സെപ്റ്റംബർ എട്ടിന് വൈകീട്ട് വാഗമൺ, മൂന്നാർ, ഗവി ട്രിപ്പുകളും പുറപ്പെടുന്നതാണ്. ബുക്കിങ്ങിന് ഫോൺ: 9496131288, 8089463675.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.