കണ്ണൂർ: നൂഞ്ഞേരി മുണ്ടേരി കടവ് റോഡിലെ അപകടക്കെണി ഒഴിവാക്കാൻ നടപടി. ഇതിന്റെ മുന്നോടിയായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് അധികൃതരും പൊതുമരാമത്ത്, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥ സംഘവും പ്രദേശം സന്ദർശിച്ചു.
റോഡിൽ അപകട ഭീഷണിയുയർത്തുന്ന സ്വകാര്യ കമ്പനിയുടെ തൂണുകൾ മാറ്റി സ്ഥാപിക്കും. രണ്ട് തൂണുകളിൽ ഒന്ന് കുറച്ച് ദൂരേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചു. കെ.എസ്.ഇ.ബിയുടെ തൂണും ഇവിടെനിന്ന് മാറ്റുന്ന കാര്യം പരിഗണിക്കും. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബിക്ക് നിർദേശം നൽകിയിട്ടുണ്ട്.
മുടങ്ങിക്കിടക്കുന്ന അഴുക്കുചാൽ നിർമാണ പ്രവൃത്തി വേഗത്തിലാക്കാനും ധാരണയായി. കരാർ എടുത്ത കമ്പനി അധികൃതർ ഉടൻ പ്രദേശത്ത് എത്തി തുടർ പ്രവൃത്തികൾ നടത്തും. ജിയോ ഫീൽഡ് ഓഫിസർ മഹേഷുമായി പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. നിഷ്താർ, പഞ്ചായത്ത് കമ്മിറ്റി അംഗം അനീഷ് പാലാച്ചാൽ എന്നിവർ ചർച്ച നടത്തി.
മുണ്ടേരിക്കടവ് റോഡിലെ അപകടക്കെണിയുമായി ബന്ധപ്പെട്ട് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ ജനകീയ കമ്മിറ്റി ശക്തമായി പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. ഇതോടെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. നിരന്തരം അപകടം നടക്കുന്ന ഈ പാതയിൽ കഴിഞ്ഞ ദിവസം രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.