കണ്ണൂർ: എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ സംസ്കാരത്തോടനുബന്ധിച്ച് കോൺഗ്രസ് ഓഫിസുകൾക്കു നേരെ ജില്ലയിൽ വ്യാപക ആക്രമണം. കോടിയേരിയിൽ കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ ബോംബേറുണ്ടായി. കോൺഗ്രസ് സ്ഥാപനങ്ങൾക്കുനേരയെും ആക്രമണം നടന്നു.
ധീരജിന്റെ സംസ്കാരച്ചടങ്ങിനിടെ തളിപ്പറമ്പിലെ കോൺഗ്രസ് ഓഫിസുകൾക്കുനേരെ പരക്കെ അക്രമം നടന്നു. ചൊവ്വാഴ്ച അർധരാത്രി തുടങ്ങിയ അക്രമത്തിൽ നിരവധി കോൺഗ്രസ് ഓഫിസുകൾ തകർത്തു. പൊലീസ് കാവലേർപ്പെടുത്തിയെങ്കിലും മിക്കയിടങ്ങളിലും ആക്രമണം നടന്നു.
തളിപ്പറമ്പ്: പട്ടപ്പാറയിലെയും പനങ്ങാട്ടൂരിലെയും പ്രിയദർശിനി മന്ദിരങ്ങൾ അടിച്ചുതകർത്തു. തളിപ്പറമ്പിലെ കോൺഗ്രസ് മന്ദിരത്തിനുനേരെ കല്ലെറിയുകയും കൊടിയും കൊടി മരവും നശിപ്പിക്കുകയും ചെയ്തു. കാപാലികുളങ്ങരയിലെ രാജീവ്ജി ക്ലബിന് മുന്നിലെ ഗാന്ധി പ്രതിമയും തകർത്തു. ധീരജിന്റെ മൃതദേഹം ബുധനാഴ്ച പുലർച്ച ഒരുമണിയോടെയാണ് തൃച്ചംബരം പട്ടപ്പാറയിലെ വീട്ടിലേക്കെത്തിച്ചത്.
മൃതദേഹം എത്തിച്ച സമയത്താണ് ഒരു സംഘം പട്ടപ്പാറയിലെ പ്രിയദർശിനി മന്ദിരത്തിനുനേരെ അക്രമം നടത്തിയത്. ജനലുകൾ, വാതിൽ, ഷെൽഫ്, മേശ തുടങ്ങി എല്ലാ സാധനസമഗ്രികളും തകർത്തു. തളിപ്പറമ്പിലെ കോൺഗ്രസ് മന്ദിരത്തിനെതിരെ വീണ്ടും കല്ലേറും അക്രമവും ഉണ്ടായി. കൊടിമരങ്ങൾ തകർക്കുകയും കൊടി നശിപ്പിക്കുകയും ചെയ്തു.
മന്ദിരം തകർക്കുമെന്ന് മുൻകൂട്ടി വിവരം ലഭിച്ചതിനാൽ ഓഫിസിന് പൊലീസ് കാവലേർപ്പെടുത്തിയിരുന്നു. അവരുടെ മുന്നിൽവെച്ചാണ് മന്ദിരത്തിനുനേരെ അക്രമം നടന്നത്. പൊലീസ് ഇടപെട്ടതിനാൽ കൂടുതൽ നാശനഷ്ടം ഉണ്ടായില്ല. നിരവധി പ്രദേശങ്ങളിൽ കൊടിമരങ്ങൾ നശിപ്പിച്ചിട്ടുണ്ട്.
പാപ്പിനിശ്ശേരി: കല്യാശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസായി പ്രവർത്തിക്കുന്ന ദേശീയപാതക്കരികിലെ ഓഫിസ് ആക്രമിച്ചു. ഓഫിസിലുണ്ടായിരുന്ന കസേരകൾ, മേശ, ഫാനുകൾ എന്നിവ തകർത്തു. രണ്ട് ഓഫിസുകളും ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷമാണ് ആക്രമിക്കപ്പെട്ടത്.
പയ്യന്നൂർ: കടന്നപ്പള്ളിയിൽ കോൺഗ്രസ് ഓഫിസിനുനേരെ ആക്രമണം നടന്നു. ചൊവ്വാഴ്ച രാത്രിയിലാണ് പുത്തൂർകുന്നിൽ കോൺഗ്രസ് ഓഫിസായി പ്രവർത്തിക്കുന്ന ഇന്ദിരാഭവന് നേരെ ആക്രമണമുണ്ടായത്. ഓഫിസ് കറുത്ത ചായം പൂശി വികൃതമാക്കുകയും ജനൽ ഗ്ലാസുകൾ തകർക്കുകയും ചെയ്തു. വാതിൽ തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാതിലിന് കേടുപാടു പറ്റിയതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
കൂത്തുപറമ്പ്: കായലോടിനടുത്ത കാപ്പുമ്മൽ മേഖലയിൽ കോൺഗ്രസ് സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം. പ്രിയദർശിനി കലാവേദി, മഹാത്മാ ക്ലബ് എന്നിവക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ബുധനാഴ്ച പുലർച്ചയോടെയാണ് കാപ്പുമ്മലിലെ പ്രിയദർശിനി കലാവേദി, ബനിയൻ കമ്പനിക്ക് സമീപത്തെ മഹാത്മാ ക്ലബ് എന്നിവക്ക് നേരെ ആക്രമണമുണ്ടായത്. പ്രിയദർശിനി കലാവേദിയുടെ ജനൽചില്ലുകൾ അടിച്ചുതകർത്തു. സമീപത്തെ കൊടിമരവും തകർത്തിട്ടുണ്ട്. മഹാത്മാ ക്ലബിന്റെയും ജനൽചില്ലുകൾ ആക്രമികൾ തകർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.