നടാൽ നാണാറത്തെ പഴയപാലം പൊളിക്കുന്നുഎടക്കാട്: നടാൽ നാണാറത്ത് പാലം ഇനി ചരിത്രത്തിലേക്ക്. വർഷങ്ങളായി അപകടഭീഷണിയിലായ നടാലിലെ നാണാറത്ത് പാലം പൊളിച്ചുതുടങ്ങി. കണ്ണൂർ -തലശ്ശേരി ദേശീയപാതയിൽ നടാൽ റെയിൽവേ ഗേറ്റിന് സമീപം സ്ഥിതിചെയ്യുന്ന നാണാറത്ത് പാലം വഴിയാണ് ഏഴര മുനമ്പ് കിഴുന്നപ്പാറ പ്രദേശത്ത് എളുപ്പം എത്തിച്ചേരാൻ കഴിയുന്നത്. എന്നാൽ, ഇതിലൂടെ ചെറുവാഹനങ്ങൾക്ക് മാത്രമേ കടന്നുപോകാൻ പറ്റുകയുള്ളൂ. നേരത്തേ ഇവിടെയുണ്ടായിരുന്ന മരപ്പാലം പൊളിച്ചാണ് ചെറുവാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റുന്ന കോൺക്രീറ്റ് പാലം പണിതത്. വർഷങ്ങൾ കഴിഞ്ഞതോടെ ബലക്ഷയം വന്നു. ഇതോടെയാണ് നാട്ടുകാർ പുതിപാലത്തിനായുള്ള ആവശ്യമുന്നയിച്ചത്. പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചതോടെയാണ് പഴയപാലം പൊളിച്ചു തുടങ്ങിയത്. യാത്രാദുരിതത്തിന് പരിഹാരമായി തൊട്ടടുത്ത് സമാന്തരമായി വെള്ളം ഒഴുകിപ്പോകുന്നതിന് വലിയ പൈപ്പ് ഇട്ട ശേഷം മണ്ണിട്ട് നികത്തി മറ്റൊരു റോഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
35 മീറ്റർ നീളത്തിലും 11.5 മീറ്റർ വീതിയിലുമാണ് പുതിയ പാലത്തിന്റെ നിർമാണം. വലിയ വാഹനങ്ങൾക്ക് യഥേഷ്ടം കടന്നു പോകുവാനും ഇരുവശത്തുമായി കാൽനടക്കാർക്ക് സഞ്ചരിക്കാനുള്ള നടപ്പാതയും ഉണ്ടാകും. 3.45 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ നിർമാണച്ചുമതല രാംദേവ് കൺസ്ട്രക്ഷൻ ഗ്രൂപ്പിനാണ്. 2025 ജനുവരിയോടെ നിർമാണം പൂർത്തിയാക്കുന്ന രീതിയിലാണ് കരാർ. പാലം യാഥാർഥ്യമാവുന്നതോടെ കണ്ണൂർ തോട്ടട വഴി ഏഴര മുനമ്പ് വരെ പോകുന്ന ബസുകൾക്കും മറ്റു വാഹനങ്ങൾക്കും ഇതുവഴി ദേശീയപാതയിലെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.