കണ്ണൂർ: പൂല്ല് വിരിക്കുന്ന പ്രവൃത്തിയുൾപ്പെടെ നവീകരണം പൂർത്തിയായ കോർപറേഷൻ ജവഹര്‍ സ്റ്റേഡിയം കളിയാരവങ്ങൾക്ക് കാതോർക്കുന്നു. ഫെഡറേഷന് കപ്പ്, ശ്രീനാരായണ ട്രോഫി തുടങ്ങി നിരവധി ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് വേദിയായിയിരുന്ന സ്റ്റേഡിയത്തില്‍ അടുത്തു തന്നെ പന്തുരുണ്ടു തുടങ്ങുമെന്നാണ് പ്രതീക്ഷ.
സ്റ്റേഡിയം സന്ദർശിച്ച കേരള ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് നവാസ് മീരാന്‍ ഇതുസംബന്ധിച്ച സൂചനകൾ നൽകി. മേയർ അഡ്വ. ടി.ഒ. മോഹനനും കോർപറേഷൻ ഭരണസമിതിയും സർവ പിന്തുണയും അറിയിക്കുകയും ചെയ്തു.
ശ്രീനാരായണ ട്രോഫി ഫുട്ബാള്‍ മത്സരങ്ങള്‍ കണ്ണൂരിൽ പുനരാരംഭിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് കെ.എഫ്.എ പ്രസിഡന്റ് അറിയിച്ചത്. ‘ജവഹര്‍ സ്റ്റേഡിയം വളരെ വിശാലവും മനോഹരവുമാണ്. കേരളത്തില്‍ മറ്റെവിടെ ഫുട്ബാള്‍ മത്സരങ്ങള്‍ നടത്തുന്നതിനേക്കാള്‍ മനോഹരമായി കണ്ണൂരില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കും. ഏറ്റവും നല്ല ടീമുകളെ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യും’ -അദ്ദേഹം പറഞ്ഞു.
കണ്ണൂരിന്റെ പഴയ ഫുട്ബാള്‍ പ്രതാപം തിരിച്ചുകൊണ്ടുവരാനാണ് കോര്പറേഷന് ശ്രമിക്കുന്നതെന്ന് മേയര്‍ അഡ്വ. ടി.ഒ. മോഹനന് പറഞ്ഞു. അതിനായാണ് സ്വന്തം നിലയില്‍ ഒരു കോടിയോളം രൂപ ചെലവഴിച്ച് സ്റ്റേഡിയം നവീകരിച്ചത്. സ്റ്റേഡിയത്തില്‍ ഫുട്ബാള്‍ മത്സരം നടത്തുന്നതിന് കേരള ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ കോര്പറേഷന് തയാറാണെന്നും മേയര്‍ പറഞ്ഞു.
അടുത്ത കാലത്താണ് കോര്പറേഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേഡിയത്തില്‍ പുല്ല് വെച്ച് പിടിപ്പിക്കുകയും ഇന്റര്‍ലോക്ക് പാകുന്നതും ഉള്‍പ്പെടെയുള്ള നവീകരണ പ്രവൃത്തികള്‍ നടത്തിയത്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ എം.പി. രാജേഷ്, അഡ്വ. പി. ഇന്ദിര, കൗണ്‍സിലര്‍ മുസ്ലിഹ് മഠത്തില്‍, സൂപ്രണ്ടിങ് എൻജിനീയര്‍ ടി. മണികണ്ഠകുമാര്‍, കെ.എഫ്.എ നിർവാഹക സമിതി അംഗം എ.കെ. ഷെരീഫ്, ജില്ല ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് സി. സയീദ് എന്നിവരും കെ.എഫ്.എ പ്രസിഡന്റിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.