കണ്ണൂർ: രണ്ട് ദിവസത്തിനിടെ ജില്ലയില്‍ 1329 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് പത്തിന് മുകളിലാണ് -10.39 ശതമാനം. വ്യാഴാഴ്ച 552 പേര്‍ക്കും ബുധനാഴ്ച 777പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനിടെ 40 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
സമ്പര്‍ക്കത്തിലൂടെ 525 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചുപേർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് വ്യാഴാഴ്ച കോവിഡ് പോസിറ്റിവായത്. അതിനിടെ 1488 പേർ രണ്ടുദിവസത്തിനിടെ രോഗമുക്തരായത് ആശ്വാസമായിട്ടുണ്ട്.
700ലേറെ പേരാണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവ് കേസുകള്‍ 1,78,189 ആയി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,71,172 ആയി. 998 പേര് കോവിഡ് മൂലം മരിച്ചു. ബാക്കി 4817 പേര് ചികിത്സയിലാണ്.
നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 4048 പേര് വീടുകളിലും ബാക്കി 769 പേര് വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണുള്ളത്.
നിരീക്ഷണത്തിലുള്ളത് 23756 പേരാണ്. ഇതില്‍ 22991 പേര് വീടുകളിലും 765 പേര് ആശുപത്രികളിലുമാണ്. ഇതുവരെ 1430965 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 1430115 എണ്ണത്തിെൻറ ഫലം വന്നു. 850 എണ്ണത്തിെൻറ ഫലം ലഭിക്കാനുണ്ട്.
കോവിഡിനെ പിടിച്ചുകെട്ടാൻ 'ഓപറേഷൻ എ പ്ലസ്'
കണ്ണൂർ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാക്കി കുറച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനുള്ള നടപടികൾ ജില്ല ഭരണകൂടം ആരംഭിച്ചു. ഓപറേഷൻ എ പ്ലസ് എന്ന് പേരിട്ട പദ്ധതിയിലൂടെ ഡി, സി കാറ്റഗറിയിൽപെട്ട തദ്ദേശ സ്ഥാപനങ്ങളിൽ ജനകീയവും സൂക്ഷ്മവും കൃത്യതയാർന്നതുമായ ഇടപെടൽ വഴി നിരക്ക് കുറക്കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി ഡി, സി വിഭാഗങ്ങളിലെ തദ്ദേശസ്വയംഭരണ പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട പ്രത്യേക യോഗം ജില്ല കലക്ടർ ടി.വി. സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്നു സ്ഥിതിഗതി വിലയിരുത്തി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ഉപജീവന മാർഗങ്ങൾ തടസപ്പെടാത്ത വിധം രോഗ പരിശോധന വർധിപ്പിക്കുക, ലഭ്യതക്കനുസരിച്ച് വാക്സിനേഷൻ ഊർജിതമാക്കുക, ആർ.ആർ.ടി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളെ മൊത്തമായി പരിഗണിക്കുന്ന പതിവുരീതിക്ക് പകരം രോഗവ്യാപന സാധ്യതയുള്ള മേഖലകളെ അടിസ്ഥാനമാക്കിയാവും പരിശോധനയും വാക്സിനേഷനും നിയന്ത്രണങ്ങളും ഏർപ്പെടുത്തുക.
വ്യാപാര മേഖല, പൊതുഗതാഗത സംവിധാനം, ഉൽപാദന മേഖല എന്നിവക്ക് പ്രത്യേക പരിഗണന നൽകി പരിശോധനകളും വാക്സിനേഷനും ഊർജിതമാക്കി ഈ മേഖലകളെ സുരക്ഷിത സോൺ ആക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ വാക്സിൻ വിതരണം ചെയ്തതിെൻറ കണക്കെടുക്കും. ജനസംഖ്യാനുപാതികമായി വാക്സിൻ നൽകാൻ കഴിയുമോ എന്നതും പരിശോധിക്കും. വ്യാപാര സ്ഥാപനങ്ങളിലുള്ളവർക്ക് രണ്ട് ഡോസ് വാക്സിൻ അല്ലെങ്കിൽ ആവർത്തിച്ചുള്ള കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് എന്നത് നിർബന്ധമാക്കും. ഡി, സി വിഭാഗത്തിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ രോഗ പരിശോധനക്കാവശ്യമായ മുഴുവൻ സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് കലക്ടർ ഡി.എം.ഒക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.