കണ്ണൂർ: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമെന്ന ഭീതിയിൽ അതിഥി തൊഴിലാളികളുടെ പലായനം. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലൂടെയാണ് പലായനം. പ്രധാനമായും ജോലി ആവശ്യാർഥം എത്തിയ നൂറുകണക്കിന് പേരാണ് ജില്ലയിൽനിന്ന് സ്വദേശത്തേക്ക് മടങ്ങുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്.
റിസർവേഷൻ കൗണ്ടറുകളിലും അതിഥി തൊഴിലാളികളുടെ നിരയാണ്. പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണ് പ്രധാനമായും നാട്ടിലേക്ക് മടങ്ങുന്നത്. മിക്കവരും നിർമാണമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. മാർബിൾ, ഗ്രാനൈറ്റ് മേഖലകളിൽ പ്രവർത്തിക്കുന്ന രാജസ്ഥാൻ സ്വദേശികളും പലായനം ചെയ്യുന്നവരുടെ കൂട്ടത്തിലുണ്ട്.
ദിവസേന വൈകിട്ടുള്ള മംഗളൂരു-ചെന്നൈ ട്രെയിനുകൾക്കാണ് പ്രധാനമായും അതിഥി തൊഴിലാളികൾ മടങ്ങുന്നത്. ചെന്നൈയിൽനിന്നും ബംഗാളിലെ ഹൗറ വരെ പോകുന്ന ട്രെയിൻ ലക്ഷ്യമാക്കിയാണ് യാത്ര. ചൊവ്വാഴ്ചത്തെ ഗുവാഹതി, ദിബ്രുഗഢ്, പട്ന വണ്ടികൾക്കും തിരക്കേറെയാണ്. കുറച്ചുദിവസമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ 80 ശതമാനത്തോളം ബുക്കിങ്ങും അതിഥി തൊഴിലാളികളുടെതാണെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
250 മുതൽ 300 വരെ ടിക്കറ്റുകളാണ് ദിവസേന ബുക്ക് ചെയ്യുന്നത്. അതിഥി തൊഴിലാളികളുടെ ഒഴുക്ക് വർധിച്ചതോടെ ഇവർക്കായി സ്പെഷൽ ട്രെയിനുകൾ ഓടിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കേരളത്തിൽ കോവിഡ് വർധിച്ചതിനാലും തൊഴിൽ കുറഞ്ഞതിനാലുമാണ് മടങ്ങുന്നതെന്നാണ് തൊഴിലാളികൾ നൽകുന്ന വിവരം. രാജ്യത്ത് കഴിഞ്ഞവർഷത്തെ പോലെ ലോക്ഡൗൺ വരുമെന്ന ആശങ്ക പങ്കുവെക്കുന്നവരും നിരവധിയാണ്.
റെയിൽവേ പൊലീസും ഉദ്യോഗസ്ഥന്മാരും തൊഴിലാളികൾക്ക് സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള നിർദേശങ്ങൾ നൽകുന്നുണ്ട്. കുടുംബത്തോടെയാണ് തൊഴിലാളികളുടെ മടക്കം. തലശ്ശേിയിൽനിന്ന് മംഗള, ചെന്നൈ മെയിൽ തുടങ്ങിയ വണ്ടികൾക്കാണ് തൊഴിലാളികളുടെ മടക്കം.
എന്നാൽ, അൺറിസർവ്ഡ് ടിക്കറ്റുകൾ ലഭ്യമല്ലാത്തതിനാൽ റെയിൽവേ സ്റ്റേഷനുകളിൽ നിയന്ത്രിക്കാനാകാത്ത തിരക്കില്ല. വരും ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികൾ നാടുകടക്കുമെന്നാണ് കരുതുന്നത്.
കോവിഡ് അതിവ്യാപനത്തിെൻറ ഭാഗമായി തൊഴില്‍വകുപ്പ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇവർക്കായി പ്രത്യേകം കോവിഡ് പരിശോധന, വാക്സിനേഷൻ തുടങ്ങിയവ ഒരുക്കണമെന്ന ആലോചനകൾക്കിടയിലാണ് തൊഴിലാളികളുടെ കൂട്ട പലായനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.