കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കോവിഡ്. കഴിഞ്ഞ ദിവസം തടവുകാർക്കും ജയിൽ ഉദ്യോഗസ്ഥർക്കുമിടയിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് കൂടുതൽ രോഗബാധിതരെ കണ്ടെത്തിയത്. ഇതിൽ 69 തടവുകാർക്കും രണ്ട് ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രണ്ട് തടവുകാർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ജയിലിൽ കൂട്ടപരിശോധന നടത്തിയത്. ഇതോടെ ജയിലിൽ രോഗബാധിതരുടെ എണ്ണം 73 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ച തടവുകാരെ തളിപ്പറമ്പ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റിയിരുന്നു.
എന്നാൽ, കൂടുതൽ തടവുകാരിൽ രോഗം കണ്ടെത്തിയതിനാൽ ജയിലിനുള്ളിൽതന്നെ പ്രത്യേക ചികിത്സ ബ്ലോക്കൊരുക്കിയിരിക്കുകയാണെന്ന് കണ്ണൂർ സെൻട്രൽ ജയിൽ ജോയൻറ് സൂപ്രണ്ട് 'മാധ്യമ'ത്തോട് പറഞ്ഞു. ഇത്രയും തടവുകാരെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുകയെന്നത് പ്രായോഗിക കാര്യമല്ല. കേന്ദ്രത്തിലുള്ള മറ്റുരോഗികളുടെയും തടവുകാരുടെയും സുരക്ഷയെ ബാധിക്കുന്ന കാര്യമാണത്. അതിനാലാണ് ജയിലിനുള്ളിൽതന്നെ ചികിത്സാ സൗകര്യമൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇവരുമായി പ്രാഥമിക സമ്പർക്കം പുലർത്തിയവരെ പ്രത്യേക ബ്ലോക്കുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ജയിലിനുള്ളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് അധികൃതർ. സന്ദർശകർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തും. തടവുപുള്ളികൾക്ക് തൽക്കാലത്തേക്ക് ജയിലിനുള്ളിലെ ജോലികൾ നൽകില്ല. പരോൾ കഴിഞ്ഞ് ജയിലിലെത്തിയ രണ്ടു പേർക്കാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽനിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടർന്നത്.
766 തടവുകാരാണ് കണ്ണൂർ സെൻട്രൽ ജയിലിലുള്ളത്. ഇതിൽ 45 വയസ്സ് കഴിഞ്ഞ 300 പേർക്ക് ആദ്യഘട്ട കോവിഡ് വാക്സിൻ നൽകി. കോവിഡ് വ്യാപനത്തിെൻറ ആദ്യഘട്ടത്തിൽ സെൻട്രൽ ജയിലിലെ കൂടുതൽ തടവുകാർക്ക് പരോൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.