കണ്ണൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥിതി ഗുരുതരമാകുന്നു. തിങ്കളാഴ്ച 19 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ മൂന്ന് ദിവസത്തിനുള്ളിൽ തടവുകാർക്കും ജയിൽ ജീവനക്കാർക്കുമായി 174 പേർക്കാണ് രോഗം പോസിറ്റിവായത്. പരോൾ കഴിഞ്ഞ് ജയിലിലെത്തിയ രണ്ടുപേർക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് ജയിലിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 200 പേരുടെ പരിശോധന ഫലം ചൊവ്വാഴ്ച വരും. ഫലത്തിൽ കൂടുതൽ പേർക്ക് പോസിറ്റിവ് സ്ഥിരീകരിച്ചാൽ സ്ഥിതി അതിഗുരുതരമാകും. നിലവിൽ രോഗം ബാധിച്ചവരെ പ്രത്യേക ബ്ലോക്കിൽ ഡോർമിറ്ററി സംവിധാനം ഒരുക്കിയാണ് പാർപ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിലുള്ളവർക്കും ഇതേ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇനിയും പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ജയിലിലെ സൗകര്യം തികയാതെ വരുമോയെന്ന ആശങ്കയിലാണ് അധികൃതർ.
രണ്ട് ഡോക്ടർമാരുടെ മുഴുവൻ സമയ സേവനം ജയിലിലുണ്ട്. രോഗികളുടെ എണ്ണം കൂടുകയാണെങ്കിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ആവശ്യപ്പെടേണ്ടിവരും. രോഗബാധിതരായ കൂടുതൽ തടവുകാരെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുകയെന്നത് പ്രായോഗിക കാര്യമല്ല.
കേന്ദ്രത്തിലുള്ള മറ്റുരോഗികളുടെയും തടവുകാരുടെയും സുരക്ഷയെ ബാധിക്കുന്ന കാര്യമാണത്. അതിനാലാണ് ജയിലിനുള്ളിൽതന്നെ ചികിത്സ സൗകര്യമൊരുക്കി രോഗികളെ പാർപ്പിക്കുന്നത്. തടവുകാർക്കിടയിൽ രോഗം കൂടുന്ന സാഹചര്യത്തിൽ ജയിലിനുള്ളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജയിൽ ഡി.ജി.പി തിങ്കളാഴ്ച ഉത്തരവിറക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.