കണ്ണൂർ: വിള ഇൻഷുറൻസ് പദ്ധതിയിൽ മുഴുവൻ കർഷകരെയും ഉൾപ്പെടുത്താൻ കൃഷി വകുപ്പ് ആരംഭിച്ച കാമ്പയിന്റെ ഭാഗമായി ജില്ലയിൽ വാഹന പ്രചാരണ ജാഥ തുടങ്ങി. കലക്ടറേറ്റ് പരിസരത്ത് കലക്ടർ എസ്. ചന്ദ്രശേഖർ ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി ഡിസംബർ 10ന് ജാഥ സമാപിക്കും.
കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രികൾചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയും സംയുക്തമായാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക വിളകൾക്ക് പരിരക്ഷ ഉറപ്പാക്കാൻ ഡിസംബർ 31നകം പ്രധാനമന്ത്രി ഫസൽ ഭീമ യോജനയിലും കാലാവസ്ഥ വിള ഇൻഷുറൻസ് പദ്ധതിയിലും ഇൻഷുർ ചെയ്യണം. സംസ്ഥാന വിള ഇൻഷുറൻസിൽ ചേർന്നവർക്കും പദ്ധതിയുടെ ഭാഗമാകാം.
ചടങ്ങിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ. സുരേന്ദ്രൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ പി.വി. ശൈലജ, കൃഷി ഇൻഷുറൻസ് കമ്പനി ജില്ല കോഓഡിനേറ്റർ പി. ഐശ്വര്യ, ഫീൽഡ് സൂപ്പർവൈസർ കെ. അശ്വിനി എന്നിവർ പങ്കെടുത്തു.
ജാഥ ഡിസംബർ ഏഴിന് മട്ടന്നൂർ, ചാലോട്, മുഴക്കുന്ന്, കൂടാളി, ചാവശ്ശേരി, ഉളിക്കൽ, എട്ടിന് പടിയൂർ, മയ്യിൽ, മലപ്പട്ടം, കുറ്റിയാട്ടൂർ, ഒമ്പതിന് ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ്, മാടായി, പത്തിന് രാമന്തളി, എരമം കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.
നെല്ല്, വാഴ, മരച്ചീനി, കശുമാവ് എന്നിവയും പച്ചക്കറി വിളകളായ വള്ളിപ്പയർ, പടവലം, പാവൽ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് എന്നീ വിളകളും ഇൻഷുർ ചെയ്യാം. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, നികുതി രസീത്, പാട്ട രസീത് എന്നിവയുടെ പകർപ്പുമായി സി.എസ്.സി ഡിജിറ്റൽ സേവ കേന്ദ്രം, അക്ഷയ കേന്ദ്രം, അംഗീകൃത ഏജന്റുമാർ എന്നിവിടങ്ങളിൽ വിള ഇൻഷുർ ചെയ്യാം.
കാർഷിക വായ്പ എടുത്ത കർഷകർ ബാങ്ക് ഇൻഷുറൻസിൽ ചേർത്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. സർക്കാർ സമർപ്പിക്കുന്ന വിളവിന്റെ ഡേറ്റയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ രേഖപ്പെടുത്തുന്ന കാലാവസ്ഥ തോതും അനുസരിച്ചാണ് നഷ്ടപരിഹാരം നൽകുക. ശക്തിയായ കാറ്റ്, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കൊണ്ടുണ്ടാകുന്ന നഷ്ടങ്ങൾക്ക് വ്യക്തിഗത പരിശോധന നടത്തിയും നഷ്ടപരിഹാരം നൽകും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.