ഇരിട്ടി: പഴശ്ശി പുഴയിൽ അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപയുടെ മണൽ സർക്കാർ സംവിധാനംവഴി ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ നടപടിയില്ല. ഇതേതുടർന്ന് മണൽ മാഫിയസംഘം അനധികൃത മണൽക്കടത്തിലൂടെ ലാഭംകൊയ്യുമ്പോൾ സർക്കാറിന് നഷ്ടമാകുന്നത് കോടികളുടെ വരുമാനമാണ്.
വർഷങ്ങളായുള്ള ഉരുള്‍പൊട്ടലിലും മറ്റും പഴശ്ശി പുഴയുടെ ഭാഗമായ ഇരിട്ടി, വള്ളിയാട്, പെരുവംപറമ്പ്, പെരുമ്പറമ്പ്, കപ്പച്ചേരി, പടിയൂര്‍, പൂവം, നിടിയോടി, കുയിലൂര്‍, എടക്കാനം, ചേളത്തൂര്‍ മോച്ചേരി, അകംതുരുത്ത് എന്നിവിടങ്ങളിൽ വ്യാപകമായി കോടിക്കണക്കിന് രൂപയുടെ മണലാണ് വന്നടിഞ്ഞിരിക്കുന്നത്.
2014ന് ശേഷം സര്‍ക്കാറിലേക്ക് കോടികളുടെ വരുമാനം ലഭിക്കുന്ന മണല്‍ ശേഖരണം ലേലംചെയ്യേണ്ട കാര്യത്തില്‍ ഇനിയും വ്യക്തതവരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാവാത്തതും പുഴക്കടവുകളില്‍ വന്നടിഞ്ഞ മണല്ക്കൂനകള് സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കാത്തതുമാണ് മണല്‍ മാഫിയകള്‍ക്ക് സഹായമാവുന്നത്.
എടക്കാനം, പടിയൂര്‍, കപ്പച്ചേരി, നിടിയോടി, പൂവം, ചേളത്തൂര്‍, മോച്ചേരി, പെരുവംപറമ്പ്, പെരുമ്പറമ്പ് പുഴക്കടവുകളില്നിന്നുമാണ് വ്യാപകമായി മണല്‍വാരി കടത്തുന്നത്.
ടയര്‍ റ്റ്യൂബുകള്‍ ഘടിപ്പിച്ച ചങ്ങാടങ്ങള്‍ ഉപയോഗിച്ചും കൂറ്റന്‍ തോണികള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക മണല്‍വാരല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചും ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചുമാണ് വ്യാപക മണലൂറ്റൽ നടക്കുന്നത്. മണല്‍ക്കടത്ത് തടയാന്‍ പൊലീസോ റവന്യൂവകുപ്പോ തയാറാകാത്തതും മണല്‍മാഫിയകൾക്ക് ഗുണകരമാണ്. പ്രളയ ദുരിതത്തിലുള്പ്പെടെ നിരവധി വീടുകള്‍ തകരുകയും ഭാഗികമായി നഷ്ടം സംഭവിക്കുകയും ചെയ്തവര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ തങ്ങളുടെ വീടുകളുടെ പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും മണലിനായി നെട്ടോട്ടമോടുമ്പോഴാണ് മണല്‍ മാഫിയസംഘം നിയമത്തെ നോക്കുകുത്തിയാക്കി യഥേഷ്ടം മണല്‍ വാരി കടത്തുന്നത്.
വിദഗ്ധസമിതിയെ നിയോഗിച്ച് പഠനം നടത്തി പുഴകള്‍ക്കും പ്രകൃതിക്കും ദോഷകരമല്ലാതെ പ്രാദേശിക സമിതികളുടെയോ പഞ്ചായത്ത് സമിതികളുടെയോ മേല്‍നോട്ടത്തില്‍ പരിമിത മണലെടുപ്പ് നടത്താന്‍ അനുമതിനല്‍കിയാല്‍ മണലൂറ്റ് തടയാനും സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികള്‍ വരുമാനമുണ്ടാക്കാനും കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.