കണ്ണൂർ: കൂളിങ് സ്റ്റിക്കറുകളും കർട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് എതിരെ പരിശോധന കർശനമാക്കി. ഓപറേഷൻ സ്ക്രീൻ എന്ന പേരിൽ നടത്തിയ പരിശോധനയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി തിങ്കളാഴ്ച 1,29,500 രൂപ പിഴയീടാക്കി. വാഹനങ്ങളുടെ ഗ്ലാസുകളിൽ മറച്ച കർട്ടനുകളും കൂളിങ് സ്റ്റിക്കറുകളും പിടികൂടി. 207 വാഹനങ്ങളാണ് പിടികൂടിയത്.
കണ്ണൂർ നഗരത്തിൽ പയ്യാമ്പലം, എടക്കാട് തോട്ടട, ചാല തുടങ്ങിയ ഭാഗങ്ങളിൽ പരിശോധന നടത്തി. കോർപറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ കേരള സെറാമിക്സ് ലിമിറ്റഡ് എം.ഡിയുടെ വാഹനവും പിടികൂടി. കർട്ടനും ഗവ. കേരള എന്ന ബോർഡും അനധികൃതമായി വാഹനത്തിലുണ്ടായിരുന്നു.
ആദ്യഘട്ടത്തിൽ 250 രൂപയാണ് പിഴയീടാക്കുന്നത്. പിന്നീട് ലംഘനം ആവർത്തിച്ചാൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കും. മൂന്ന് ദിവസത്തിനകം സ്റ്റിക്കറുകളും കർട്ടനും ഒഴിവാക്കണമെന്ന് അധികൃതർ നിർദേശം നൽകി. ഇവ മാറ്റിയ ശേഷം അതത് ആർ.ടി.ഒ ഓഫിസുകളിൽ വാഹനം ഹാജരാണം.
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ നടക്കുന്ന പരിശോധനയിൽ ഇ ചെലാൻ വഴിയാണ് പിഴയീടാക്കുന്നത്. സുപ്രീം കോടതി വിധിയുള്ളതിനാൽ ഇതര സംസ്ഥാന രജിസ്ട്രേഷനിലുള്ള വാഹനങ്ങളും പരിശോധിച്ചു. ഹെൽമറ്റ്, സീറ്റ്ബെൽട്ട് അടക്കമുള്ള നിയമലംഘനങ്ങളും പിടികൂടി. ജില്ലയിൽ ആറ് എൻഫോഴ്സ്മെൻറ് സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്. ഒരു എം.വി.ഐയും രണ്ട് എ.എം.വി.ഐമാരും അടങ്ങുന്നതാണ് സംഘം. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ആർ.ടി.ഒ ഉണ്ണികൃഷ്ണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.