കേളകം: കാട്ടാനകൾ തമ്പടിച്ച ആറളം ഫാം പുനരധിവാസ മേഖലയിലെ കാട് വെട്ടിത്തെളിക്കുമെന്ന പ്രഖ്യാപനവും പാഴ്വാക്കായെന്ന് വ്യാപക പരാതി. പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിൽ എവിടെയും പൂർണമായും കാട് തെളിക്കുന്നതിനുമുമ്പെ പ്രവൃത്തി അവസാനിപ്പിച്ച അവസ്ഥയാണ്.
പണമില്ലെന്ന കാരണം പറഞ്ഞാണ് ഒരാഴ്ചയായി പ്രവൃത്തി നിർത്തിവെച്ചിരിക്കുന്നത്. കാട് കുറഞ്ഞ ഒമ്പതാം ബ്ലോക്കിൽനിന്നാണ് പ്രവൃത്തി ആരംഭിച്ചത്. കാട് വെട്ടിത്തെളിക്കുന്നതിന് ജില്ല കലക്ടറുടെ അധ്യക്ഷതയിൽ നടന്ന ജനപ്രതിനിധികളുടെയും പട്ടികജാതി-വർഗ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ 75 ലക്ഷം ഉടൻ അനുവദിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിൽനിന്നുള്ള പണം ലഭിക്കാഞ്ഞതാണ് കാട് തെളിക്കലിനെ പ്രതികൂലമായി ബാധിച്ചത്.
പുരധിവാസ മേഖലയിലെ റോഡിൽകൂടി പോലും നടക്കാൻ പറ്റാത്തവിധം കാട് മൂടിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം വാസു എന്ന ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതും റോഡിലൂടെ നടന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു. മേഖലയിൽ വയനാട്ടിൽനിന്നുള്ള കുടുംബങ്ങൾക്ക് പതിച്ചുനൽകിയ 500 ഏക്കറിലധികം പ്രദേശം വനത്തിന് സമാനമായ രീതിയിൽ കാട് വളർന്നിരിക്കുകയാണ്.
ഇവിടങ്ങളിലാണ് പകൽസമയങ്ങളിൽ കാട്ടാനക്കൂട്ടം താവളമാക്കുന്നത്. ആനശല്യം ഇവിടെ രൂക്ഷമായതോടെ വീട് നിർമിച്ച പല കുടുംബങ്ങളും വീടുപേക്ഷിച്ച് നേരത്തെ നാടുകളിലേക്കോ ബന്ധുവീടുകളിലേക്കോ മടങ്ങിപ്പോയി.
രണ്ടുമാസത്തിനിടയിൽ രണ്ടുപേർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായതോടെയാണ് കാടുവെട്ടിന് ആദ്യ പരിഗണന നൽകി പണം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്.
ഇതിനായി പട്ടികവർഗ വികസന വകുപ്പിന്റെ ചെലവിൽ കാടുവെട്ട് യന്ത്രങ്ങൾ വാങ്ങി തദ്ദേശീയരായ 25 പേർക്ക് പരിശീലനവും നൽകി പ്രവൃത്തി ആരംഭിച്ചു. ഫണ്ടിന്റെ അഭാവംമൂലം പ്രവൃത്തി നിലച്ചത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഫണ്ട് ലഭിക്കുന്നതോടെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്നാണ് പുനരധിവാസ മിഷൻ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.