ചെറുതോണി/തളിപ്പറമ്പ്: കലാലയ മുറ്റത്ത് കൊലക്കത്തിക്കിരയായ ധീരജിന് കാമ്പസിന്റെയും ജന്മനാടിന്റെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പുതിയ വീട്ടിൽ ജീവിച്ച് കൊതി തീർന്നിട്ടില്ലാത്ത മകന് വീട്ടുവളപ്പിൽ തന്നെ അന്ത്യവിശ്രമം വേണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തിൽ, വീടിനോട് ചേർന്ന് സി.പി.എം ഇടപെട്ട് എട്ടു സെന്റ് ഭൂമി വാങ്ങി അവിടെയാണ് സംസ്കാരം നടത്തിയത്.
കാമ്പസിൽ പൊതു ദർശനത്തിനുവെച്ച ശേഷം കണ്ണൂർ തളിപ്പറമ്പിലെ അദ്വൈതം വീട്ടിലെത്തിച്ച മൃതദേഹം രാത്രി വൈകി സംസ്കരിച്ചു. ചേതനയറ്റ ശരീരം അകത്തേക്കെടുത്തപ്പോൾ നിലവിളിയാൽ വീടകം നിറഞ്ഞു. മകന്റെ നെഞ്ചിലമർന്ന അമ്മ പുഷ്പകലയെ ആശ്വസിപ്പിച്ച് മാറ്റാനാകാതെ ബന്ധുക്കൾ വലഞ്ഞു. നേതാക്കളുടെ ഷർട്ടിന്റെ പോക്കറ്റിൽ കുത്തിയ അന്ത്യോപചാര ബാഡ്ജ് പറിച്ചെടുത്ത് മകന്റെ ഫോട്ടോയിൽ ചുംബനം നൽകി അലമുറയിട്ട മാതാവിന്റെ കാഴ്ച ഹൃദയഭേദകമായിരുന്നു. ''മകനെ കൊന്നവരോട് ഞങ്ങളെയും കൊന്നു തരാൻ പറയൂ..''എന്നിങ്ങനെ അമ്മ ആവർത്തിച്ചുകൊണ്ടിരുന്നു.
ചെറുതോണിയിലെ ഇടുക്കി എന്‍ജിനീയറിങ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയാണ് വിദ്യാർഥിയായ കണ്ണൂര്‍ തളിപ്പറമ്പ് ആതിര നിവാസില്‍ രാജേന്ദ്രന്റെ മകൻ ധീരജ് (21) കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് ശേഷം ചൊവ്വാഴ്ച രാവിലെ 11ന് ഇടുക്കി മെഡിക്കല്‍ കോളജില്‍നിന്ന് കൊണ്ടുവന്ന മൃതദേഹം ആദ്യം സി.പി.എം ജില്ല കമ്മിറ്റി ഓഫിസിന് മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ചു.
തുടർന്ന്, കോളജില്‍ എത്തിച്ചപ്പോള്‍ അവിടെ പാർട്ടിപ്രവർത്തകരും വിദ്യാർഥികളുമടക്കം നൂറുകണക്കിന് ആളുകൾ കാത്തുനിന്നിരുന്നു. പാട്ടുപാടിയും സൗഹൃദം പങ്കിട്ടും നടന്ന കോളജ് മുറ്റത്തേക്ക് രാവിലെ ധീരജിന്റെ മൃതദേഹം കൊണ്ടുവന്നിറക്കുമ്പോൾ അതുവരെ സങ്കടം അടക്കിപ്പിടിച്ചുനിന്ന സഹപാഠികൾ മുഖംപൊത്തിക്കരഞ്ഞു. ചൊവ്വാഴ്ച രാവിലെ 12നാണ് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര സ്വദേശമായ കണ്ണൂരിലേക്ക് പുറപ്പെട്ടത്. യാത്രയിൽ വിവിധയിടങ്ങളിൽ പാർട്ടിപ്രവർത്തകർ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു.
ഒടുവിൽ രാത്രിയിലും കാത്തിരുന്ന നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ ധീരജ് അഗ്നിനാളങ്ങളിൽ അലിഞ്ഞു. വീടിന്റെ മതിലിനോട് ചേർന്നുതന്നെയാണ് ചിതയൊരുക്കിയത്. ഈ ഭൂമിയിൽ ധീരജിന്റെ പേരിൽ സ്മാരകം നിർമിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.