കണ്ണൂർ: ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ ജില്ലയിലെ 133 വില്ലേജുകളിലും ഡിജിറ്റൽ ഭൂസർവേ നടത്തുന്നതിന്റെ ഭാഗമായി ഒരുക്കം തുടങ്ങി. നാലുവർഷം കൊണ്ട് സർവേ പൂർത്തിയാക്കാനാണ് തീരുമാനം. ഭൂമി സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്തു വരുന്ന റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ സേവനം ഒറ്റ പോർട്ടൽ വഴി നേരിട്ട് സുതാര്യമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ റവന്യൂ വകുപ്പിന്റെ റെലിസ്, രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, സർവേ വകുപ്പിന്റെ ഇ -മാപ്സ് എന്നീ സോഫ്റ്റ്വെയറുകളിലൂടെയാണ് ഈ സേവനങ്ങൾ ലഭിക്കുന്നത്.
കേന്ദ്രാവിഷ്കൃത സ്വമിത്വ പദ്ധതിയിലുൾപ്പെടുത്തി മുഴുവൻ വില്ലേജുകളും സർവേ ചെയ്യുന്നതിന് സർവേ ഓഫ് ഇന്ത്യ ഡയറക്ടറും സംസ്ഥാന സർവേ ഡയറക്ടറും ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 20 ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോൺ ഉപയോഗിച്ചും അവശേഷിക്കുന്ന സ്ഥലങ്ങൾ കോർസ് ആർ.ടി.കെ, റോബോട്ടിക്സ് ഇ.ടി.എസ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് സർവേ നടത്തുക.
ഡിജിറ്റൽ സർവേയുടെ ആദ്യഘട്ടത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത 14 വില്ലേജുകളിൽ ഉൾപ്പെട്ട കണ്ണൂർ -ഒന്ന്, കണ്ണൂർ -രണ്ട്, കോട്ടയം, തലശ്ശേരി എന്നീ വില്ലേജുകൾ ഡ്രോൺ ഉപയോഗിച്ച് സർവേ ചെയ്യും. നിശ്ചിത സമയത്തിനകം സർവേ പൂർത്തിയാക്കാൻ ഭൂവുടമകളുടെ അറിവും സമ്മതവും പൂർണമായ സഹകരണവും ആവശ്യമുണ്ട്. ആദ്യഘട്ടത്തിൽ കണ്ണൂർ -ഒന്ന് വില്ലേജിൽ ജനുവരി 27, 28 തീയതികളിലും കണ്ണൂർ-രണ്ട് വില്ലേജിൽ ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ടുവരെയും നടത്തും.
രണ്ടാം ഘട്ടത്തിൽ തലശ്ശേരി താലൂക്കിലെ കോട്ടയം വില്ലേജിൽ ഫെബ്രുവരി 11 മുതൽ 14 വരെയും തലശ്ശേരി വില്ലേജിൽ മാർച്ച് 21 മുതൽ 22 വരെയും ഡ്രോൺ സർവേ നടത്തും. ഇതിന്റെ ഭാഗമായി കണ്ണൂർ -ഒന്ന് വില്ലേജിൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സ്ഥാപിക്കുന്ന ജോലി തുടങ്ങിയിട്ടുണ്ട്. ഡിജിറ്റൽ സർവേക്കായി ജില്ലയിൽ നാല് കോർസ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. കോർസ് സ്റ്റേഷനുകളിൽനിന്ന് തുടർച്ചയായി ലഭിക്കുന്ന സിഗ്നലുകളുടെ സഹായത്താൽ ആർ.ടി.കെ (റിയൽടൈം കിനിമാറ്റിക്) എന്ന ഉപകരണം ഉപയോഗിച്ചാണ് ഭൂരിഭാഗം ഭൂപ്രദേശവും ഓൺലൈൻ രീതിയിൽ സർവേ ചെയ്യുന്നത്.
ആകാശക്കാഴ്ചയിലൂടെ ലഭ്യമാകുന്ന ചിത്രങ്ങൾ ഉപയോഗിച്ച് ഭൂമിയുടെ അതിർത്തി നിർണയിക്കാൻ കഴിയുന്ന 20 ശതമാനം സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും സർവേ നടത്തും. പ്രസ്തുത രീതികൾ ഫലവത്താകാത്ത സ്ഥലങ്ങളിൽ അത്യാധുനിക സർവേ ഉപകരണങ്ങളായ റോബോട്ടിക് ഇ.ടി.എസ് യന്ത്രം ഉപയോഗിച്ചും മുഴുവൻ ഭൂപ്രദേശങ്ങളും ഡിജിറ്റൽ സർവേ പൂർത്തിയാക്കും.ഡിജിറ്റൽ ഭൂസർവേയിൽ ഭൂമിസംബന്ധമായ വിവരങ്ങൾക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പുവരുന്നു. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും അതുവഴി ഉപഭോക്തൃ സേവനം ജനപ്രിയമാകാനും സാധിക്കും. അപേക്ഷകൾ ഓൺലൈനായി കൊടുക്കാനും പരിഹരിക്കപ്പെടാനും സാധിക്കും. വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാകും.
ജില്ലയിൽ ഡിജിറ്റൽ സർവേ പ്രവർത്തനം സുഗമമാക്കുന്നതിന് ഓരോ ഭൂവുടമസ്ഥരും അവരവരുടെ ഭൂമിയുടെ വിവരങ്ങൾ നിശ്ചിത ഫോറത്തിൽ തയാറാക്കി സർവേ ഉദ്യോഗസ്ഥർക്ക് നൽകണം. ആകാശക്കാഴ്ച ലഭ്യമാക്കുന്നതരത്തിൽ അവരവരുടെ ഭൂമിയുടെ അതിർത്തികളിൽ വ്യക്തമായ അടയാളങ്ങൾ രേഖപ്പെടുത്തി ഡ്രോൺ സർവേക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കണം.
കണ്ണൂർ താലൂക്കിലെ ഡ്രോൺ സർവേയുമായി ബന്ധപ്പെട്ട് വില്ലേജുകളിലെ ജനപ്രതിനിധികളുടെ യോഗം ജനുവരി 13ന് ഉച്ച മൂന്നിന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.