കണ്ണൂർ: തീരദേശ വാസികള്‍ക്ക് ആശ്വാസമായി പയ്യാമ്പലത്ത് പുലിമുട്ട് നിർമാണം പുരോഗമിക്കുന്നു. കണ്ണൂര്‍ കോര്‍പറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.95 കോടി ചെലവിലാണ് പുലിമുട്ട് നിർമിക്കുന്നത്. കടല്‍ക്ഷോഭം കാരണം ചാലാട്, പള്ളിയാംമൂല, പഞ്ഞിക്കിയില്‍, പയ്യാമ്പലം മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ പ്രയാസം അനുഭവിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ബീച്ചിന്റെ വടക്ക് കിഴക്ക് ഭാഗത്ത് 280 മീ. നീളത്തില്‍ പുലിമുട്ട് നിർമിക്കുന്നത്. ഇതിന്റെ 40 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി.
പയ്യാമ്പലം ബീച്ചിന്റെ കിഴക്കേയറ്റത്തുള്ള തോട് കണ്ണൂർ ടൗണിലെ പ്രധാന ഡ്രെയിൻ ഔട്ട്ലെറ്റ് ആണ്. ഇതിനു ശാശ്വത പരിഹാരമായാണ് പടന്നത്തോടിന്റെ അഴിമുഖത്ത് പുലിമുട്ട് നിർമാണം.
ഒക്ടോബറോടെ പ്രവൃത്തി പൂര്‍ത്തിയാക്കും. ഹാര്‍ബര്‍ എൻജിനീയറിങ് വിഭാഗത്തിനാണ് നിർമാണച്ചുമതല. പദ്ധതിയുടെ ഭാഗമായി ബീച്ചിന്റെ പ്രവേശന കവാടം മുതല്‍ പുലിമുട്ട് നിര്‍മിക്കുന്ന ഭാഗം വരെ 300 മീറ്റര്‍ നീളത്തില്‍ താല്‍ക്കാലിക റോഡ് നിർമിച്ചാണ് പ്രദേശത്തേക്ക് കരിങ്കല്ല് എത്തിച്ചത്.
പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ തീരദേശത്തെ നിരവധി കുടുംബങ്ങൾ കടൽക്ഷോഭ ഭീതിയില്ലാതെ കഴിയുമെന്ന് കോര്പറേഷന് മേയര്‍ ടി.ഒ. മോഹനന് പറഞ്ഞു.
കടൽക്ഷോഭത്തിനിടെ വീടിനുള്ളിൽ വെള്ളം കയറുന്നതിനാൽ ചാലാട്, പള്ളിയാംമൂല, പഞ്ഞിക്കിയിൽ, പയ്യാമ്പലം മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായിരുന്നു. കടലേറ്റത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടുന്നത് പതിവായിരുന്നു.
പൂണെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ നടത്തിയ പഠനങ്ങൾ പ്രകാരമുള്ള ലേ ഔട്ടിനെ അടിസ്ഥാനമാക്കിയാണ് പ്രവൃത്തിയുടെ നിർമാണം.
പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി അനുബന്ധ റോഡ്, വേ ബ്രിജ് എന്നിവയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. നിലവിലുള്ള തോടിന് സമാന്തരമായി 90 മീറ്ററും തുടർന്ന് കടലിലേക്ക് 160 മീറ്ററുമായി കരിങ്കല്ല് ഉപയോഗിച്ച് ആകെ 250 മീറ്റർ നീളത്തിലാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.