കണ്ണൂർ: ജില്ല ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് തുറന്നുപ്രവർത്തിക്കുന്നത് ഇനിയും വൈകും. നിർമാണപ്രവർത്തനങ്ങൾ ഇനിയും ഏറെ തീരാനുണ്ട്. മാർച്ചോടുകൂടി നിർമാണം പൂർത്തിയാക്കി ബ്ലോക്ക് തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തേ അധികൃതരുടെ പ്രഖ്യാപനം.
എന്നാൽ, ഓപറേഷൻ തിയറ്ററുകൾ, പോസ്റ്റ് ഓപറേറ്റിവ് വാർഡ്, ന്യൂറോളജി, യൂറോളജി വിഭാഗം ഐ.സി.യുകൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളെല്ലാം ഇനിയും ഏറെ പൂർത്തിയാകേണ്ടതുണ്ട്. ഔദ്യോഗിക ഉദ്ഘാടനം കഴിയാതെ ബ്ലോക്കിൽ ഒരു നിലയിൽ രോഗികളെ നേരത്തേ പ്രവേശിപ്പിച്ചിരുന്നു. ആധുനിക സൗകര്യങ്ങളോടെ അഞ്ചുനിലകളിലായാണ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുന്നത്.
ഇതിൽ മൂന്നാം നിലയിലാണ് ആദ്യഘട്ടത്തിൽ രോഗികളെ പ്രവേശിപ്പിച്ചത്. പഴയ കെട്ടിടത്തിലുള്ള പുരുഷ വിഭാഗത്തിലെ മെഡിക്കൽ ജനറൽ വാർഡിലെ രോഗികളെയാണ് ഇവിടെ നിലവിൽ കിടത്തിയിട്ടുള്ളത്. പുരുഷ വിഭാഗത്തിലെ മെഡിക്കൽ, സർജറി വാർഡുകളുടെ സ്ഥിതി തീർത്തും ശോച്യാവസ്ഥയിലാണ്. ഇതേ തുടർന്നാണ് ഈ വിഭാഗത്തിലുള്ള രോഗികളെ ആദ്യഘട്ടത്തിൽ മാറ്റിയത്.
നിലവിലുള്ള വാർഡുകളുടെ നവീകരണ പ്രവൃത്തി നടത്താനായിരുന്നു ഉദ്ഘാടനംപോലും കഴിയാതെ പുതിയ ബ്ലോക്കിലേക്ക് രോഗികളെ പ്രവേശിപ്പിച്ചത്. ഏതാണ്ട് 62 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുന്നത്.
ജില്ല പഞ്ചായത്ത് തയാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം പി ആൻഡ് സി പ്രോജക്ടാണ് പ്രവൃത്തി പൂർത്തിയാക്കുന്നത്. ഒന്നാം നിലയിൽ ക്രിട്ടിക്കൽ യൂനിറ്റ്, ഒ.പി സൗകര്യം, ഫാർമസി, ഡോക്ടർമാർക്കുള്ള റസ്റ്റ് റൂം എന്നിവയൊരുക്കും. രണ്ടാം നിലയിൽ ഓപറേഷൻ തിയറ്ററുകൾ, പോസ്റ്റ് ഓപറേറ്റിവ് വാർഡ്, ന്യൂറോളജി, യൂറോളജി വിഭാഗം ഐ.സി.യുകൾ എന്നിവ സജ്ജീകരിക്കും.
തുടർന്നുള്ള നിലകളിൽ ഡയാലിസിസ് യൂനിറ്റ്, സ്പെഷാലിറ്റി വാർഡ്, സ്ത്രീകൾക്കുള്ള സ്പെഷൽ വാർഡ്, ജനറൽ വാർഡുകൾ എന്നിവ ക്രമീകരിക്കും. എന്നാൽ, ബ്ലോക്കിന്റെ നിർമാണം പൂർണതോതിൽ യാഥാർഥ്യമാകുന്നത് വൈകുന്നത് നിലവിലെ ജില്ല ആശുപത്രിയിലെ രോഗികൾക്ക് ഏറെ ദുരിതം വിതക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.