കണ്ണൂർ: കോവിഡ് പ്രതിരോധ വാക്സിന് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ല. വാക്സിന് ആർ.ടി.പി.സി.ആർ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന മുൻ ഉത്തരവിൽനിന്ന് ജില്ല കലക്ടർ പിൻവാങ്ങി. ജനങ്ങൾക്കിടയിൽ ഏറെ ആശങ്ക സൃഷ്ടിച്ച ഉത്തരവിനെതിരെ സമൂഹത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുയർന്ന പ്രതിഷേധത്തെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്. വാക്സിനെടുക്കുന്നതിന് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശം സംസ്ഥാന തല കോവിഡ് റിവ്യൂയോഗത്തിൽ ചർച്ച ചെയ്തതായി കലക്ടർ ടി.വി. സുഭാഷ് അറിയിച്ചു.
ജനങ്ങൾ വാക്സിനേഷനോട് വിമുഖത പ്രകടിപ്പിക്കാനുള്ള സാധ്യത പരിഗണിച്ച് വാക്സിനേഷനെ പരിശോധനയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും കലക്ടർ അറിയിച്ചു. വാക്സിനെടുക്കാൻ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന് കാര്യം പ്രായോഗികമല്ലെന്നും ഉത്തരവ് നടപ്പാക്കരുതെന്നും ദുരന്ത നിവാരണ സമിതി കോചെയർമാൻ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ നേരത്തെ നിലപാടെടുത്തിരുന്നു. ജൂലൈ 28 മുതൽ വാക്സിന് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് കലക്ടർ ഉത്തരവിറക്കിയത്. തിരുവനന്തപുരത്ത് യോഗത്തിൽ പങ്കെടുക്കാൻ പോയ കലക്ടർ രണ്ട് ദിവസമായി ദുരന്ത നിവാരണ സമിതി യോഗത്തിനെത്തിയിരുന്നില്ല.
ഇതേതുടർന്നാണ് ഉത്തരവ് പിൻവലിക്കാൻ വൈകിയതെന്ന് കരുതുന്നു. വാക്സിന് എടുക്കാൻ 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന വിവാദ ഉത്തരവ് രണ്ട് ദിവസം മുമ്പാണ് പുറപ്പെടുവിച്ചത്. നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് വാക്സിൻ വിതരണത്തിൽ മുൻഗണന നൽകണമെന്ന നിർദേശമാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായ ഉത്തരവായി ഇറങ്ങിയതെന്നാണ് വിവരം. ജീവനക്കാരുടെ ദൗർലഭ്യം നേരിടുന്നതിനാൽ ഉത്തരവിനെതിരെ ആരോഗ്യപ്രവർത്തകരും രംഗത്തെത്തിയിരുന്നു.കാസർകോട് ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന കലക്ടറുടെ ഉത്തരവും പിൻവലിച്ചിരുന്നു.
രണ്ടാം ഡോസ് ലഭിക്കാനുള്ളവർക്ക് മുൻഗണന
കണ്ണൂർ: സ്റ്റോക്കില്ലാത്തതിനാൽ ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് മുടങ്ങിയിട്ട് രണ്ടുദിവസം. കേന്ദ്രത്തിൽനിന്നുള്ള വാക്സിൻ വിതരണം മുടങ്ങിയതാണ് സർക്കാർ തലത്തിലെ കുത്തിവെപ്പ് ക്യാമ്പുകൾ നിർജീവമാകാൻ കാരണം. വാക്സിൻ വിതരണം സംബന്ധിച്ച വിവരമൊന്നും ഇതുവരെ ജില്ലയിലെ ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടില്ല. അടുത്തദിവസം തന്നെ കൂടുതൽ ഡോസുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അവസാനമായി വെള്ളിയാഴ്ച രാത്രിയാണ് ജില്ലയിൽ വാക്സിൻ എത്തിയത്. ബാക്കിയുള്ള മുഴുവൻ ഡോസുകളും ഉപയോഗിക്കണമെന്ന നിർദേശത്തെ തുടർന്ന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി ശനിയാഴ്ച 64,000 ഡോസുകളാണ് കൊടുത്തുതീർത്തത്. ഞായറാഴ്ച 7,000 ഡോസ് കോവാക്സിനും നൽകി. ആവശ്യത്തിന് സിറിഞ്ചുകൾ ലഭ്യമല്ലാത്തതിനാൽ കുത്തിവെപ്പിന് നേരിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇത് പരിഹരിച്ചശേഷമാണ് മൂന്ന് ബാച്ച് വാക്സിൻ ഒന്നിച്ചുലഭിച്ചത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ കുത്തിവെപ്പാണ് പൂർണമായി മുടങ്ങിയത്. ഇതോടെ ജില്ലയിൽ ഒന്നാം ഡോസ് എടുത്ത് നിശ്ചിതദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർ ആശങ്കയിലായി. അതേസമയം, വാക്സിൻ വരുന്നമുറക്ക്, രണ്ടാം ഡോസ് ലഭിക്കാനുള്ളവർക്ക് മുൻഗണന നൽകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇതുവരെ 13 ലക്ഷം ഡോസാണ് ലഭിച്ചത്. 8.5 ലക്ഷം പേർക്ക് ഒന്നാം ഡോസും നൽകി. ഏകദേശം 45 ശതമാനം പേർക്കും വാക്സിൻ നൽകിയതായാണ് ആരോഗ്യ വകുപ്പിെൻറ കണക്ക്.'
1072 പേര്‍ക്കു കൂടി കോവിഡ്
കണ്ണൂർ: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ വീണ്ടും ആയിരം കടന്നു. ജൂലൈയിൽ മൂന്നാം തവണയാണ് രോഗികൾ 1000 കടക്കുന്നത്. ചൊവ്വാഴ്ച 1072 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1037 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറുപേർക്കും വിദേശത്തു നിന്നെത്തിയ മൂന്നുപേർക്കും 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 10.14 ശതമാനമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 1,82,872 ആയി. ഇവരില്‍ 652 പേര് ചൊവ്വാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,75,138 ആയി. 1038 പേര് കോവിഡ് മൂലം മരിച്ചു. ബാക്കി 4975 പേര് ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 4149 പേര് വീടുകളിലും ബാക്കി 826 പേര് വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 25,541 പേരാണ്. ഇതില്‍ 24,709 പേര് വീടുകളിലും 832 പേര് ആശുപത്രികളിലുമാണ്. ഇതുവരെ 14,70,535 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 14,69,712 എണ്ണത്തിെൻറ ഫലം വന്നു. 823 എണ്ണത്തിെൻറ ഫലം ലഭിക്കാനുണ്ട്.
മൊബൈല്‍ ആര്.ടി.പി.സി.ആര് പരിശോധന
ബുധനാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്.ടി.പി.സി.ആര് പരിശോധന നടത്തും. കൊളവല്ലൂര്‍ എല്‍.പി സ്കൂള്‍ കുന്നോത്തുപറമ്പ്, സോണല്‍ ഓഫിസ് ചേലോറ, കാങ്കോല്‍ ആലപ്പടമ്പ പ്രാഥമികാരോഗ്യകേന്ദ്രം, ഗവ. യു.പി സ്കൂള്‍ പൂപ്പറമ്പ, ഗവ. എല്‍.പി സ്കൂള്‍ കുതിരുമ്മല്‍, താവം ചര്‍ച്ച് ഹാള്‍ പുന്നച്ചേരി, ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യകേന്ദ്രം, നാറാത്ത് പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല്, മടപ്പുരച്ചാല്‍ അംഗന്‍വാടി കണിച്ചാര്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30, എന്‍.എസ്.എസ്.കെ.യു.പി സ്കൂള്‍ കൊട്ടിയൂര്‍ ഉച്ച രണ്ടു മുതല്‍ നാലുവരെയുമാണ് സൗജന്യ പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
വാര്‍ഡുതല മുന്‍ഗണന പട്ടിക തയാറാക്കും
കച്ചവടക്കാര്‍, പൊതുഗതാഗതം, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിങ്ങനെ പൊതുസമൂഹവുമായി നേരിട്ട് ഇടപഴകുന്നവര്‍ക്ക് കോവിഡ് വാക്സിന് ലഭ്യമാക്കുന്നതിന് അവരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക മുന്‍ഗണന പട്ടിക ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വാര്‍ഡുതലത്തില്‍ തയാറാക്കും. ജില്ലയിലെ വാക്സിന് വിതരണം ചിട്ടയോടെ നടപ്പാക്കുന്നതിനായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരുടെ യോഗത്തിലാണ് തീരുമാനം. സെക്കൻഡ് ഡോസ് വാക്സിന് ലഭിക്കേണ്ടവരെയും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇത്തരത്തില്‍ വാര്‍ഡുതലത്തില്‍ തയാറാക്കി പഞ്ചായത്ത് അംഗീകരിച്ച മുന്‍ഗണന പട്ടികയുടെ അടിസ്ഥാനത്തില്‍ മാത്രമാവണം വാക്സിന് നല്‍കേണ്ടത്. ഇതുകൂടാതെ പിന്നാക്ക മേഖലയിലുള്ളവര്‍ക്കും കൂടുതല്‍ പരിഗണന നല്‍കണമെന്നും ഗ്രാമപഞ്ചായത്തുകളിലെ ജനസംഖ്യാനുപാതികമായി വാക്സിന് ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി കാറ്റഗറി തദ്ദേശ സ്ഥാപനങ്ങള്‍ പൂർണമായും അടച്ചിടാതെ കണ്ടെയ്ൻമെൻറ് സോണുകളാക്കി തിരിക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.
സ്പോട്ട് വാക്സിനേഷന് ലഭ്യമാക്കുന്ന സന്ദര്‍ഭങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി വാര്‍ഡ് അടിസ്ഥാനത്തില്‍ സമയക്രമം നിശ്ചയിക്കണം. ആക്ഷേപരഹിതമായി വാക്സിന് നല്കാന് കഴിയണമെന്നും കൂടുതല്‍ വാക്സിന് ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും ഏറ്റവും ആവശ്യമുള്ള വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.