കണ്ണൂർ: ജില്ല കോൺഗ്രസ് കമ്മിറ്റിക്ക് പുതിയ ആസ്ഥാനമെന്ന സ്വപ്നത്തിന് സാഫല്യം. പുതുതായി നിർമിച്ച കോൺഗ്രസ് ഭവെൻറ ഉദ്ഘാടനം എ.ഐ.സി.സി മുൻ പ്രസിഡൻറ് രാഹുൽ ഗന്ധി എം.പി ഒാൺലൈനായി നിർവഹിച്ചു.
ജില്ലയിലെ വിവിധ കോൺഗ്രസ് ഓഫിസുകളിലും കോൺഗ്രസ് പോഷകസംഘടനകളുടെ നേതൃത്വത്തിൽ ഗൾഫിലും ഉദ്ഘാടന ചടങ്ങിെൻറ തത്സമയ വിഡിയോ പ്രദർശനം ഏർപ്പെടുത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ ചോരയും വിയർപ്പുമാണ് കോൺഗ്രസ് ഭവെൻറ ശക്തിയെന്നും ജനങ്ങൾക്ക് എന്തു സഹായത്തിനും ആശ്രയിക്കാവുന്ന കേന്ദ്രമായി കോൺഗ്രസ് ഭവൻ മാറ്റണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ പറഞ്ഞു.
എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി നാട മുറിക്കൽ ചടങ്ങ് നിർവഹിച്ചു. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി ഭദ്രദീപം കൊളുത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എൻ. രാമകൃഷ്ണൻ സ്മാരക ഓഡിറ്റോറിയവും കെ. സുധാകരൻ എം.പി കെ. കരുണാകരൻ സ്മാരക ഹാളും കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി, കെ. സുരേന്ദ്രൻ സ്മാരക റീഡിങ് റൂം ഉദ്ഘാടനവും പി.ടി. തോമസ് എം.എൽ.എ സാമുവൽ ആറോൺ സ്മാരക പൊളിറ്റിക്കൽ റഫറൻസ് ലൈബ്രറിയും ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ ഗാന്ധി പ്രതിമ അനാച്ഛാദനം നിർവഹിച്ചു. കെ.സി. വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ടി. സിദ്ദിഖ് എം.എൽ.എ, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ, എം.എം. ഹസൻ, പി.ടി. തോമസ്, പി.വി. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.
ഇന്ധനക്കൊള്ളയിലൂടെ കേന്ദ്രം നേടിയ പണമെവിടെയെന്ന് രാഹുൽ
കണ്ണൂർ: ഇന്ധനക്കൊള്ളയിലൂടെ നേടിയ 25 ലക്ഷം കോടി എവിടെപോയെന്ന് മോദിസർക്കാർ വിശദീകരിക്കണമെന്ന് രാഹുൽ ഗാന്ധി. കണ്ണൂർ ഡി.സി.സി ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും രാജ്യത്തില്‍ പെട്രോളിനും ഡീസലിനും വില കൂട്ടുകയാണ്. 25 ലക്ഷം കോടിയാണ് ഇന്ധന വിലവര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ നേടിയത്. ഇൗ പണമൊന്നും നാട്ടുകാരുടെ ക്ഷേമത്തിന് വിനിയോഗിച്ചിട്ടില്ല. ജി.എസ്.ടി വന്നതുമുതല്‍ കര്‍ഷകരുടെയും വ്യാപാരികളുടെയും നട്ടെല്ലൊടിഞ്ഞു. മോദിസര്‍ക്കാര്‍ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും കര്‍ഷകരെയും വ്യാപാരികളെയും ചൂഷണം ചെയ്ത് അവരുടെ പോക്കറ്റില്‍നിന്ന് കൈയിട്ട് വാരുകയുമാണ്. മോദി ചങ്ങാതിമാരായ ഏതാനും കോർപറേറ്റുകൾക്ക് മാത്രമാണ് നേട്ടം. ജനങ്ങളെ കൊള്ളയടിച്ച് കോർപറേറ്റുകളെ വളർത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. ഒടുവിൽ രാജ്യത്തിെൻറ വിലയേറിയ സമ്പത്തായ പൊതുമേഖലാ സ്ഥാപനങ്ങളും മോദിയുടെ ചങ്ങാതിമാരായ മുതലാളിമാർക്ക് കൈമാറാനും തീരുമാനിച്ചിരിക്കുന്നു. രാജ്യത്തിെൻറ ആസ്തി വില്പന ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെൻറില്‍ ചര്‍ച്ച ചെയ്യുന്നതില്‍നിന്ന് മോദിസര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാജ്യമാകെ കോണ്‍ഗ്രസ് പ്രക്ഷോഭമാരംഭിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഉദ്ഘാടനം സതീശൻ പാച്ചേനിക്കുള്ള യാത്രയയപ്പായി
കണ്ണൂർ: കോൺഗ്രസ് ഭവെൻറ ഉദ്ഘാടന ചടങ്ങ് സ്ഥാനമൊഴിയുന്ന ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിക്കുള്ള യാത്രയയപ്പ് കൂടിയായി. നിയുക്ത ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ് ശനിയാഴ്ച ചുമതല ഏറ്റെടുക്കും. ഡി.സി.സി പ്രസിഡൻറ് എന്ന നിലയിൽ പാച്ചേനിയുടെ അവസാന പാർട്ടി പരിപാടിയായിരുന്നു ഉദ്ഘാടന ചടങ്ങ്. പരേതനായ കെ. സുരേന്ദ്രൻ ഡി.സി.സി പ്രസിഡൻറായിരിക്കെ 2013ലാണ് ഡി.സി.സിക്ക് പുതിയ ആസ്ഥാനം നിർമിക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങിയത്. നേരത്തേയുണ്ടായിരുന്ന െകട്ടിടം പൊളിച്ച് പുതിയതിെൻറ നിർമാണം തുടങ്ങിയെങ്കിലും പ്രവൃത്തി നീണ്ടുപോയി. ഇതേചൊല്ലി ഒട്ടേറെ വിവാദങ്ങളുമുണ്ടായി. 2016ൽ ഡി.സി.സി പ്രസിഡൻറായ സതീശൻ പാച്ചേനി ജില്ല കോൺഗ്രസിെൻറ തലപ്പത്ത് എത്തിയതോടെയാണ് നിർമാണ പ്രവൃത്തിക്ക് ജീവൻ വെച്ചത്.
ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച നേതാക്കളെല്ലാം ഓഫിസ് പ്രവൃത്തി പൂർത്തിയാക്കുന്നതിലെ സതീശൻ പാച്ചേനിയുടെ ശ്രമത്തെ പ്രകീർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഉപഹാരങ്ങളും നൽകി. ഡി.സി.സിയുടെ ഉപഹാരം കെ.പി. സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പിയും യൂത്ത് കോൺഗ്രസിെൻറ ഉപഹാരം ജില്ല പ്രസിഡൻറ് സുദീപ് ജയിംസും സതീശൻ പാച്ചേനിക്ക് കൈമാറി.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ബഹിഷ്കരിച്ചെന്ന്
കണ്ണൂർ: ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും സ്വപ്നമായ ജില്ല ആസ്ഥാന മന്ദിരത്തിെൻറ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നെന്ന് ആക്ഷേപം. ഒാൺലൈൻ വഴി ഇരുവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കുമെന്ന് നേരത്തെ ജില്ലയിലെ നേതാക്കൾ അറിയിച്ചിരുന്നു. എന്നാൽ, ഒാൺലൈൻവഴി പോലും ഇരുവരും സംസാരിക്കാത്തതാണ് ഇവർ വിട്ടുനിന്നെന്ന ആക്ഷേപത്തിന് വഴിവെച്ചത്. ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ സാഹചര്യത്തിൽ ഇൗ ആക്ഷേപത്തിന് ശക്തിയുമുണ്ടായി. എന്നാൽ, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡി.സി.സി ഒാഫിസ് ഉദ്ഘാടനത്തിെൻറ സന്തോഷം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ജില്ല േകാൺഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിെൻറ ഉദ്ഘാടന സമ്മേളനത്തിൽ ഒാൺലൈൻ മുഖേന പെങ്കടുത്തതായി ഉമ്മൻ ചാണ്ടി ഫേസ് ബുക്കിൽ വ്യക്തമാക്കിയപ്പോൾ ഉദ്ഘാടന ചടങ്ങിൽ സൂം മീറ്റിങ് വഴി പങ്കെടുത്തതായി രമേശ് ചെന്നിത്തലയും കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.