കണ്ണൂർ: ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ചുണ്ടായ പ്രതിസന്ധിക്ക് അയവില്ല. ഡ്രൈവിങ് സ്കൂൾ ഉടമകൾ ചൊവ്വാഴ്ച ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരിച്ചപ്പോൾ അപേക്ഷകരാരും ഹാജരായില്ല.
ഇതേതുതുടർന്ന് ടെസ്റ്റിന് ഗ്രൗണ്ടുകളിൽ എത്തിയ ഉദ്യോഗസ്ഥർ ഏറെനേരം കാത്തുനിന്നശേഷം തിരിച്ചുപോയി.
ഓൾ കേരള ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ, ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് സംഘ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
തിങ്കളാഴ്ച ടെസ്റ്റ് നടത്താനുള്ള ശ്രമം തോട്ടടയിലെ ഗ്രൗണ്ടിൽ കിടന്നുനടത്തിയ പ്രതിഷേധത്തിലൂടെ ഡ്രൈവിങ് സ്കൂൾ ഉടമകൾ തടഞ്ഞിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവന്ന പ്രത്യക്ഷ സമരത്തിനു പകരം ചൊവ്വാഴ്ച മുതൽ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരിക്കുന്ന സമരമുറയാണ് തുടങ്ങിയത്. ടെസ്റ്റിൽ സർക്കാർ വരുത്തിയ പരിഷ്കാരമാണ് ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരുടെ പ്രതിഷേധത്തിന് വഴിവെച്ചത്. ബഹിഷ്കരണത്തെ തുടർന്ന് കണ്ണൂർ, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിലെ ഡ്രൈവിങ് ടെസ്റ്റുകൾ ചൊവ്വാഴ്ചയും മുടങ്ങി.
ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിൽ സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത് തുഗ്ലക് മോഡൽ പരിഷ്കാരമാണെന്ന് ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി ഷാജി അക്കരമ്മൽ പറഞ്ഞു.
സർക്കാറിന്റെ പരിഷ്കരണം നടപ്പാക്കിയാൽ അപകടസാധ്യത ഏറെയാണ്. ഡ്യൂവൽ സിസ്റ്റത്തിൽ ഡ്രൈവിങ് പഠിപ്പിക്കുന്ന ഇൻസ്ട്രക്ടർർ വാഹനത്തിന്റെ നിയന്ത്രണം ഉണ്ടാകും. അതുകൊണ്ടു തന്നെ അപകടമുണ്ടാകില്ല. എന്നാൽ, ഡ്യുവൽ സംവിധാനം ഉപേക്ഷിച്ചാൽ ഇൻസ്ട്രക്ടർക്ക് വാഹനത്തിന്റെ നിയന്ത്രണം ഉണ്ടാവില്ല.
ഇതുകാരണം അപകടസാധ്യത വലുതാണ്. ഡ്രൈവിങ്ങിനിടെ പഠിക്കുന്ന വ്യക്തിക്ക് ഏതെങ്കിലും തരത്തിൽ നിയന്ത്രണം വിട്ടാൽ വാഹനം ആൾകൂട്ടത്തിലേക്ക് അടക്കം പാഞ്ഞുകയറി അപകട സാധ്യതയുണ്ടെന്നും ഇത്തരത്തിൽ അപകടം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ഡ്രൈവിങ് സ്കൂൾ ഉടമകൾക്കാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശിച്ച പരിഷ്കരണത്തിൽ ഉദ്യോഗസ്ഥർക്കും ആശങ്ക. ഇരട്ട നിയന്ത്രണമുള്ള വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിൽനിന്ന് ഒഴിവാക്കുന്നതിലാണ് ഉദ്യോഗസ്ഥരുടെ സംഘടന സർക്കാറിനെ ആശങ്ക അറിയിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ചുണ്ടാകാൻ സാധ്യതയുള്ള സുരക്ഷപ്രശ്നം വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടനകൾ ട്രാൻസ്പോർട്ട് കമീഷണറെയാണ് അറിയിച്ചത്.
അപ്രായോഗിക ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഡ്രൈവിങ് സ്കൂൾ സമര സമിതി 13ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പ്രതിസന്ധി അയവില്ലാതെ തുടരുമ്പോൾ വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ വിദേശത്താണുള്ളത്. അദ്ദേഹം തിരിച്ചെത്തിയ ശേഷമേ സർക്കാർ തലത്തിൽ എന്തെങ്കിലും ഇടപെടലിനുള്ള സാധ്യതയുള്ളൂ എന്നാണ് സൂചന.
ഡ്രൈവിങ് ടെസ്റ്റ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സർക്കാർ തലത്തിൽ സി.പി.എമ്മിനെ ഇടപെടുവിക്കാനും ഡ്രൈവിങ് സ്കൂൾ ഉടമകളുടെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പ്രശ്നത്തിൽ ഇടപെടുവിക്കാനും പ്രശ്നത്തിന് പരിഹാരം കാണാനുമാണ് ശ്രമം നടക്കുന്നത്.
സർക്കാറും ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളും നിലപാടിൽ ഉറച്ചുനിൽക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് പൊതുജനത്തിന്. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നവർക്കാണ് ടെസ്റ്റ് വൈകുന്നത് പ്രയാസമാകുന്നത്. ആയിരക്കണക്കിന് അപേക്ഷകരാണ് ടെസ്റ്റിനായി ജില്ലയിൽ കാത്തു നിൽക്കുന്നത്. ലേണേഴ്സ് എടുത്ത് ആറുമാസം കഴിഞ്ഞവർ പോലും കൂട്ടത്തിലുണ്ട്. പ്രതിസന്ധിക്ക് ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ഇവരുടെ കാത്തിരിപ്പ് ഇനിയും നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.