കണ്ണൂർ: ജില്ലയിൽ ഡ്രൈവിങ് ടെസ്റ്റ് തിങ്കളാഴ്ചയും തടസ്സപ്പെട്ടു. ടെസ്റ്റ് ബഹിഷ്കരിച്ച ഡ്രൈവിങ് സ്കൂൾ അധികൃതർ ടെസ്റ്റ് ഗ്രൗണ്ടിൽ പ്രതിഷേധിച്ചു. തോട്ടട ഗ്രൗണ്ടിൽ രാവിലെ 8.45 ഓടെ റാക്കിൽ കിടന്നാണ് ഇവർ പ്രതിഷേധിച്ചത്.
അനിശ്ചിതകാലത്തേക്ക് സമരം തുടരുമെന്ന് ഓൾ കേരള ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സി.ഐ.ടി.യു സമരത്തിൽ നിന്ന് കഴിഞ്ഞ ദിവസം പിന്മാറിയെങ്കിലും പ്രാദേശികമായി സമരത്തിലുണ്ട്.ടെസ്റ്റിൽ സർക്കാർ വരുത്തിയ പരിഷ്കരണമാണ് ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരുടെ പ്രതിഷേധത്തിന് വഴിവെച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും ടെസ്റ്റ് പ്രതിഷേധം കാരണം നടത്താനായിട്ടില്ല. ശക്തമായി ഉയർന്ന പ്രതിഷേധത്തെ തുടർന്ന് പരിഷ്കരണത്തിൽ ചെറിയ മാറ്റങ്ങൾ സർക്കാർ വരുത്തിയിരുന്നു. എന്നാൽ, ഇതിനൊന്നും പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായില്ല. സാധാരണ നിലയിൽ തിങ്കളാഴ്ച മുതൽ ടെസ്റ്റ് നടക്കുമെന്നായിരുന്നു അധികൃതർ വ്യക്തമാക്കിയിരുന്നത്.
ഡ്രൈവിങ് ടെസ്റ്റ് നടത്തി വരാറുള്ള തോട്ടടയിലെ ഗ്രൗണ്ടിൽ തിങ്കളാഴ്ച രാവിലെ തന്നെ പ്രതിഷേധക്കാർ എത്തിയിരുന്നു. ടെസ്റ്റിൽ പങ്കെടുക്കേണ്ട അപേക്ഷകരുടെ പേര് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വായിക്കാൻ തുടങ്ങിയതോടെ രാവിലെ 8.45ഓടെ ഗ്രൗണ്ടിലെ ട്രാക്കിൽ കിടന്നുകൊണ്ട് പ്രതിഷേധിക്കാൻ തുടങ്ങി.
പ്രശ്നപരിഹാരത്തിന് സർക്കാർ മുന്നോട്ടവെച്ച നിർദേശങ്ങൾ സ്വീകാര്യമല്ലെന്നും പരിഷ്കാരം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. നിലവിലുള്ള സ്ഥിതി തുടരണം. ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. പ്രതിഷേധം തണുപ്പിക്കാൻ ഗതാഗതമന്ത്രി ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകൾ മുന്നോട്ടുപോവുകയാണ്.
പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍, ‘എച്ച്’ നു പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വർഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല തുടങ്ങി മേയ് രണ്ടു മുതൽ വലിയ പരിഷ്കാരത്തിനായിരുന്നു ഗതാഗതമന്ത്രിയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.