representative image

കണ്ണൂർ നഗരത്തിൽ മയക്കുമരുന്ന് വിതരണകേന്ദ്രം; എൽ.എസ്.ഡിയും മോളി ഗുളികകളും പിടിച്ചെടുത്തു

കണ്ണൂർ: രണ്ടു കോടിയിലധികം വിലവരുന്ന എം.ഡി.എം.എയുമായി മുഴപ്പിലങ്ങാട് സ്വദേശികളായ ദമ്പതികൾ പിടിയിലായ കേസിൽ നടന്ന അന്വേഷണത്തിൽ കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് 270 എൽ.എസ്.ഡി സ്റ്റാമ്പുകളും എം.ഡി.എം.എ ഉപയോഗിച്ചു നിർമിച്ചതെന്ന് സംശയിക്കുന്ന 19 ഗ്രാം മോളി ഗുളികകളും 18.5 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തു.

പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ ഇന്‍റീരിയർ ഡിസൈനിങ് സ്ഥാപനത്തിൽനിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. നേരത്തേ അറസ്റ്റിലായ ദമ്പതികൾ അഫ്സലിന്‍റെയും ബൽക്കീസിന്‍റെയും ബന്ധു കണ്ണൂർ തയ്യില്‍ മരക്കാര്‍കണ്ടി കരീലകത്ത് ജനീസി (40)ന്റേതാണ് സ്ഥാപനം. ഇയാൾ ഒളിവിലാണ്. ബൽക്കീസ് ജോലി ചെയ്യുന്ന കടയാണിത്.

നേരത്തേ ട്രാവൽ ഏജൻസിയായും സ്ഥാപനം പ്രവർത്തിച്ചിരുന്നു. ദമ്പതികളിൽനിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്. മയക്കുമരുന്ന് തൂക്കി പൊതികളിലായി പാക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ കടയിലുണ്ടായിരുന്നു. മൂന്നര ഗ്രാമിന്‍റെ എൽ.എസ്.ഡി സ്റ്റാമ്പുകളാണ് കണ്ടെടുത്തത്. എം.ഡി.എം.എ ഉപയോഗിച്ച് നിർമിച്ചതെന്ന് സംശയിക്കുന്ന ഗുളികകൾ ഫോറൻസിക് ലാബിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്.

കണ്ണൂർ സ്വദേശികളായ കൂടുതൽ പേർ മയക്കുമരുന്ന് മാഫിയയുടെ പിന്നിലുണ്ടെന്നാണ് വിവരം. സംസ്ഥാനത്തിനു പുറത്ത് ഇവർ ഒളിവിലാണെന്ന് പൊലീസ് സംശയിക്കുന്നു. മയക്കുമരുന്ന് മാഫിയയെ കുടുക്കാനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാർകോട്ടിക് സെല്‍ എ.സി.പി ജസ്റ്റിന്‍ എബ്രഹാം, കണ്ണൂർ എ.സി.പി പി.പി. സദാനന്ദൻ, എടക്കാട്, കണ്ണൂർ സിറ്റി സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ, സൈബർ വിദഗ്ധർ തുടങ്ങിയവർ അടങ്ങുന്നതാണ് സംഘം. മയക്കുമരുന്നു സംഘത്തിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന തെക്കി ബസാർ സ്വദേശി നിസാം അടക്കം ഇനിയും പിടിയിലാകാനുണ്ട്.

ബംഗളൂരുവിൽനിന്ന് നിസാം വഴി വില്‍പനക്കെത്തിക്കുന്ന മയക്കുമരുന്നുകള്‍ ചില്ലറവിൽപനക്കായി അളന്നുതൂക്കി വിതരണം ചെയ്യുന്ന ജോലിയാണ് ബൽക്കീസും അഫ്സലും ചെയ്തുവരുന്നത്.

കേസിൽ കണ്ണികളായ മറ്റുള്ളവരെ പിടികൂടുകയാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ ലക്ഷ്യം. കണ്ണൂർ സിറ്റി, ടൗൺ, എടക്കാട്, ചക്കരക്കല്ല്, വളപട്ടണം മേഖലകൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനം.

Tags:    
News Summary - Drug distribution center in Kannur city; LSD and Molly pills seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.