കണ്ണൂർ: മദ്യപിച്ച് വാഹനം ഓടിച്ചവർക്കെതിരെ കർശന നടപടിയെടുത്ത് കണ്ണൂർ സിറ്റി പൊലീസ്. ജനുവരി ഒന്നുമുതൽ ജൂൺ ആറുവരെ സിറ്റി പൊലീസ് പരിധിയിൽ നടത്തിയ വാഹനപരിശോധനയിൽ 440 പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി.
മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ നിർദേശിച്ചു. 440 പേരുടെ ഡ്രൈവിങ് ലൈസൻസ് കാൻസൽ ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ്. ഇതിനായി ആർ.ടി.ഒക്ക് അപേക്ഷ നൽകാൻ സ്റ്റേഷൻ എസ്.എച്ച്.ഒ മാർക്ക് നിർദേശം നൽകി. കണ്ണൂർ സബ് ഡിവിഷൻ കീഴിലുള്ള സ്റ്റേഷനുകളിൽ 144 കേസുകളും തലശ്ശേരിയിൽ 175 കേസുകളും, കൂത്തുപറമ്പിൽ 121 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
രാത്രിയിലെ വാഹന പരിശോധനക്കിടയിലാണ് ഇത്തരക്കാർ കൂടുതലായും പിടിയിലാവുന്നത്. കല്യാണവും പിറന്നാളും കൂടിച്ചേരലുകളും അടക്കമുള്ള ആഘോഷങ്ങളിൽ കൂട്ടുകാർക്കൊപ്പം ഉല്ലസിച്ച് വരുന്നവരാണ് പിടിയിലാവുന്നവരിൽ ഏറെയും. ജോലി കഴിഞ്ഞ് മദ്യപിച്ച് വരുന്നവരുമുണ്ട്. ഇത്തരക്കാർ ഓടിക്കുന്ന വാഹനങ്ങൾ റോഡിൽ അപകടമുണ്ടാക്കുന്നത് ഏറെയാണ്. പൊലീസ് പരിശോധന വെട്ടിച്ചു കടന്നുകളയുന്നവരുമുണ്ട്.
വരും ദിവസങ്ങളിലും മദ്യപിച്ച് വാഹനമോടിക്കുന്നർക്കെതിരെയും മറ്റ് ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.