കണ്ണൂർ: തെയ്യങ്ങളെക്കുറിച്ച സമഗ്ര വിവരങ്ങൾ അടങ്ങിയ കലണ്ടർ പുറത്തിറക്കി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. കാവുകൾ, തെയ്യങ്ങൾ എന്നിവയുടെ വിവരം, തെയ്യം നടക്കുന്ന തീയതി, സമയം, ബന്ധപ്പെട്ട ഫോൺ നമ്പറുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള കലണ്ടറിന്റെ പ്രകാശനം ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു. പൊതുജനങ്ങൾ, വിനോദ സഞ്ചാരികൾ, ഗവേഷകർ തുടങ്ങിയവർക്ക് ഇത് ഉപകാരപ്രദമാകുമെന്ന് കലക്ടർ പറഞ്ഞു.
കലണ്ടർ ഡി.ടി.പി.സിയുടെ വെബ്സൈറ്റിൽ ലഭിക്കും. വിവരങ്ങൾ എപ്പോൾ വേണമെങ്കിലും പുതുക്കാവുന്ന രീതിയിലാണ് കലണ്ടർ ഒരുക്കിയത്. നിലവിൽ താലൂക്ക് അടിസ്ഥാനത്തിലാണ് വിവരങ്ങൾ നൽകിയിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ കാവുകൾ, വിവിധ തെയ്യങ്ങൾ എന്നിവയുടെ ചിത്രങ്ങൾ, വിഡിയോ, ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി വിപുലീകരിക്കും.
കലക്ടർ എസ്. ചന്ദ്രശേഖറാണ് സമഗ്ര തെയ്യം കലണ്ടർ എന്ന ആശയം മുന്നോട്ടുവെച്ചത്. അസിസ്റ്റന്റ് കലക്ടർ മിസൽ സാഗർ ഭരതാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ്കുമാർ, ടൂറിസം വകുപ്പ് ഇൻഫർമേഷൻ ഓഫിസർമാരായ പി.കെ. സൂരജ്, കെ.സി. ശ്രീനിവാസൻ, ഡി.ടി.പി.സി ഇൻഫർമേഷൻ അസിസ്റ്റന്റ് പി.ആർ. ശരത്കുമാർ എന്നിവർ പങ്കെടുത്തു.
താൽപര്യമുള്ളവർക്ക് തെയ്യങ്ങൾ സംബന്ധിച്ച പുതിയ വിവരങ്ങൾ 8590855255 വാട്സ്ആപ് നമ്പർ, thayyam@dtpcknr.com ഇ-മെയിൽ, dtpckannur.com വെബ്സൈറ്റ് എന്നിവ വഴി അറിയിക്കാം. നേരിട്ടും വിവരങ്ങൾ നൽകാം. ഫോൺ: 04972 706336, 2960336.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.