കണ്ണൂർ: കണ്ടൽകാടുകളിലേക്ക് മാലിന്യം തള്ളൽ രൂക്ഷമായതോടെ നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ്. പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ തുരുത്തിയിൽ കണ്ടൽകാടിലേക്ക് മാലിന്യം തള്ളിയതിന് അരലക്ഷം രൂപ പിഴ ഈടാക്കി. കോഴിക്കോട് തലായി കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന അയാൻ ഗ്ലാസ് ആർട്ട് എന്ന സ്ഥാപനത്തിന് 40,000 രൂപ പിഴ ചുമത്തി.
10 ചാക്കുകളിലായി പൊട്ടിയ ചില്ലുഗ്ലാസ് ഉൾപ്പെടെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കണ്ടൽ കാടിലേക്ക് തള്ളിയതായി കണ്ടെത്തിത്. അയാൻ ഗ്ലാസ് ആർട്ട് നടത്തിപ്പുകാരെ സ്ക്വാഡ് സംഭവ സ്ഥലത്ത് വിളിച്ചുവരുത്തി മാലിന്യങ്ങൾ എടുത്തുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. കാർ അക്സസറീസ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചക്കിലാക്കി കണ്ടൽ കാടിലേക്ക് തള്ളിയതിന് ചുങ്കത്ത് പ്രവർത്തിച്ചു വരുന്ന ഓഫ് റോഡ് കാർ അക്സസറീസ് എന്ന സ്ഥാപനത്തിന് 10,000 രൂപയും സ്ക്വാഡ് പിഴ ഇട്ടു.
സ്ഥാപനമുടമയെ സംഭവ സ്ഥലത്തു വിളിച്ചു വരുത്തി മാലിന്യങ്ങൾ തിരികെ എടുപ്പിക്കുകയും ചെയ്തു. ഈ പ്രദേശത്ത് നിരവധി ചാക്കുകളിലായി കല്ലുമക്കായ തൊടുകളും തള്ളിയതായും സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തി. ഇവർക്കെതിരെയും ശക്തമായ നടപടി എടുക്കുമെന്ന് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ് അറിയിച്ചു.
പരിശോധനയിൽ ജില്ല എൻഫോഴ്സ്മന്റെ് സ്ക്വാഡ് ടീം ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, പാപ്പിനിശ്ശേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. സുമിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.