കണ്ണൂർ: ജില്ലയെ ആവേശക്കടലാക്കി മുന്നണികളുടെ കലാശപ്പോര്. രണ്ടു മാസത്തിലേറെയായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കാണ് ഇതോടെ കൊടിയിറങ്ങിയത്.
വാദ്യമേളങ്ങളുടെയും കൊടി തോരണങ്ങളുടെയും അകമ്പടിയോടെ നടന്ന എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ കലാശക്കൊട്ട് അക്ഷരാർഥത്തിൽ ശക്തി പ്രകടനമായി. പുഷ്പവൃഷ്ടിനടത്തിയും മുദ്രാവാക്യം വിളിച്ചും ആർപ്പുവിളിയോടെയുമായിരുന്നു കലാശക്കൊട്ട്.
കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ, എൽ.ഡി.എഫിലെ എം.വി. ജയരാജൻ, എൻ.ഡി.എയിലെ സി. രഘുനാഥ് എന്നിവർ കണ്ണൂർ നഗരത്തിലും കാസർകോട്ടെ എൽ.ഡി.എഫിലെ എം.വി. ബാലകൃഷ്ണൻ പയ്യന്നൂരിലും സംസ്ഥാനം തന്നെ ഉറ്റുനോക്കുന്ന വടകര മണ്ഡലത്തിലെ സ്ഥാനാർഥികളായ കെ.കെ. ശൈലജയും ഷാഫി പറമ്പിലും തലശ്ശേരിയിലും കൊട്ടിക്കലാശത്തിൽ അണിനിരന്നു.
പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാർട്ടികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറി.
കൊട്ടും പാട്ടുമൊക്കെയായി കൊട്ടിക്കലാശം അവസാനലാപ്പിലെത്തുമ്പോള്‍ സ്ഥാനാർഥികളുടെയും പ്രവര്‍ത്തകരുടെയും ആവേശവും വാനോളമുയർന്നു. കണ്ണൂർ നഗരത്തിലും പയ്യന്നൂരും തലശ്ശേരിയിലും കൊട്ടിക്കലാശം പൊടിപ്പാറി.
സ്ഥാനാർഥികളുടെ കട്ടൗട്ടുകൾ ഉയർത്തിയാണ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തെ വര്‍ണാഭമാക്കിയത്. മൂന്നുമുന്നണികളുടെയും സ്ഥാനാർഥികളും പ്രവര്‍ത്തകരും ഒരു സ്ഥലത്ത് സംഗമിക്കാത്ത രീതിയിലായിരുന്നു കണ്ണൂർ നഗരത്തിലെ കൊട്ടിക്കലാശം ക്രമീകരിച്ചിരുന്നത്. അതേസമയം, സംസ്ഥാനത്ത് എറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ള കണ്ണൂരിൽ കൊട്ടിക്കലാശത്തിൽ കാര്യമായ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തില്ല.
താവക്കരയിൽ തുടങ്ങി ജയരാജൻ
താവക്കര ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച എൽ.ഡി.എഫിന്റെ പ്രകടനം സി.പി.എം ദേശീയ നേതാക്കളാണ് നയിച്ചത്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എം.വി. ഗോവിന്ദൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയ നേതൃനിരയുടെ പിറകിലായാണ് പ്രവർത്തകർ അണിനിരന്നത്.
താവക്കരയിൽനിന്ന് തുടങ്ങി റെയിൽ മുത്തപ്പൻ കോവിൽ വഴി റെയിൽവേ സ്റ്റേഷൻ, മുനീശ്വരൻകോവിൽ, മുൻസിപ്പൽ ബസ് സ്റ്റാവൻഡ് വഴി കാൽടെക്സ് കെ.എസ്.ആർ.ടി.സി പരിസരത്ത് കൊട്ടിക്കലാശം സമാപിച്ചു. സമാപന പരിപാടിയിൽ പി.കെ. ശ്രീമതി, സ്ഥാനാർഥി എം.വി. ജയരാജൻ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സി.പി. സന്തോഷ് അധ്യക്ഷത വഹിച്ചു.
യു.ഡി.എഫിന്റെ കൊട്ടിക്കലാശം കണ്ണൂർ സിറ്റിയിൽനിന്നാണ് ആരംഭിച്ചത്. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റോഡ്ഷോയുമായാണ് നടത്തിയത്. കണ്ണൂർ ചേംബർ ഹാൾ - കാൾ ടെക്സ്, സ്റ്റേഡിയം കോർണർ, കാർഗിൽ സ്മാരക സ്തൂപം-ടൗൺ പൊലീസ് സ്റ്റേഷൻ, താവക്കര-പുതിയ ബസ് സ്റ്റാൻഡ് വഴി പ്ലാസ ജങ്ഷനിൽ സമാപിച്ചു. സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ് ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽകരീം ചേലേരി എന്നിവരുടെ കൂടെ തുറന്ന വാഹനത്തിലൂടെയായിരുന്നു സുധാകരൻ കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്.
സി. രഘുനാഥിന്റെ പ്രചാരണ റാലി കണ്ണൂര്‍ വിളക്കുംതറ മൈതാനത്ത് നിന്നാരംഭിച്ച് പഴയ ബസ് സ്റ്റാൻഡില്‍ സമാപിച്ചു.
ബി.ജെ.പി ദേശീയ സമിതിയംഗങ്ങളായ എ. ദാമോദരന്‍, പി.കെ. വേലായുധന്, സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ വിനോദ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കൂത്തുപറമ്പ്: തെരഞ്ഞെടുപ്പ് പ്രചാരണ സമാപനം കൂത്തുപറമ്പ് മേഖലയിൽ സമാധാനപരമായി പര്യവസാനിച്ചു. നൂറുകണക്കിന് ആളുകളാണ് അവസാന മണിക്കൂറിൽ കൊട്ടിക്കലാശത്തിന് കൂത്തുപറമ്പ് ടൗണിൽ ഒഴുകിയെത്തിയത്. എൽ.ഡി.എഫ് പ്രവർത്തകരാണ് ടൗണിൽ നിറഞ്ഞുനിന്നത്. ശൈലജയുടെ ഫ്ലക്സുകളും കൊടികളുമായി വാഹനങ്ങളിലും, കാൽനടയായും എത്തിയ പ്രവർത്തകർ വിജയാരവം മുഴക്കിയാണ് മടങ്ങിയത്.
വിവിധ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെറു സംഘങ്ങളായാണ് പ്രവർത്തകർ ടൗണിൽ എത്തിയത്. കൂത്തുപറമ്പിലൂടെ കടന്നുപോയ കെ.കെ. ശൈലജയുടെ റോഡ് ഷോക്കും ആവേശകരമായ സ്വീകരണമാണ് എൽ.ഡി.എഫ് പ്രവർത്തകർ നൽകിയത്. എൽ.ഡി.എഫ് നേതാക്കളായ കെ. ധനഞ്ജയൻ, എം. സുകുമാരൻ, കെ. കുഞ്ഞനന്തൻ കെ.വി. രജീഷ്, പനോളി മനോഹരൻ, പി.എം. മധുസൂദനൻ തുടങ്ങിയവർ സമാപന പരിപാടിക്ക് നേതൃത്വം നൽകി.
തലശ്ശേരി: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം തലശ്ശേരിയിൽ ആവേശോജ്ജ്വലമായി. വടകര ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ കൊട്ടിക്കലാശത്തിന് തലശ്ശേരിയിൽ എത്തിയത് ഒഴുകിയെത്തിയ പ്രവർത്തകർക്ക് ആവേശം പകർന്നു.
വൈകീട്ട് നാലിനാണ് കലാശക്കൊട്ടിനുള്ള രാഷ്ട്രീയ പാർട്ടികളുടെ തയാറെടുപ്പുകൾ തുടങ്ങിയത്. റോഡ് ഷോയോടെയാണ് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ പ്രചരണ സമാപനം. പിലാക്കൂൽ ഗാർഡൻസ് റോഡിൽ നിന്നും സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങളാണ് തുറന്ന വാഹനത്തിൽ വാദ്യമേള പ്പൊലിമയുമായി സ്ഥാനാർഥി ഷാഫി പറമ്പിലിനെ പുതിയ ബസ് സ്റ്റാൻഡിലേക്ക് ആനയിച്ചത്.
വഴിനീളെ കാത്തുനിന്നവരെയെല്ലാം കൈക്കൂപ്പി ഷാഫി സ്നേഹം പ്രകടിപ്പിച്ചു. മെയിൻ റോഡ്, ലോഗൻസ് റോഡ്, നാരങ്ങാപ്പുറം വഴി സ്ഥാനാർഥിയും പ്രവർത്തകരും പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തുമ്പോഴേക്കും ജനനിബിഡമായി. നേരത്തെ സജ്ജരായി നിന്ന ജനക്കൂട്ടത്തിനിടയിൽ കലാശക്കൊട്ടിന് പത്ത് മിനിറ്റ് മാത്രം ബാക്കിയിരിക്കെ സ്ഥാനാർഥിയുടെ ഹ്രസമായ പ്രസംഗം.
ഹർഷാരവം മുഴങ്ങിയതോടെ മൈക്ക് സെറ്റ് ഘടിപ്പിച്ച വാഹനത്തിൽ കയറിനിന്ന് സ്ഥാനാർഥി എല്ലാവരോടും കൈകൂപ്പി ഒരിക്കൽ കൂടി വോട്ടഭ്യർഥിച്ചു. വി.ടി. ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ, പാറക്കൽ അബ്ദുല്ല, അഡ്വ.കെ.എ. ലത്തീഫ്, സി.ടി. സജിത്ത്, എ.കെ. ആബൂട്ടി ഹാജി, സജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ, വി.എ. നാരായണൻ, എൻ. മഹമൂദ് തുടങ്ങിയവർ കലാശക്കൊട്ടിന് നേതൃത്വം നൽകി.
പഴയ ബസ് സ്റ്റാൻഡിൽ നടന്ന എൽ.ഡി.എഫ് കലാശക്കൊട്ടിലും ആയിരങ്ങൾ
അണിനിരന്നു. സമാപന യോഗത്തിൽ സി.പി. ഷൈജൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കെ.കെ. ശൈലജ, പി.വി. അൻവർ എം.എൽ.എ, എം.കെ. ഭാസ്കരൻ, കാരായി രാജൻ, എം.സി. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ.എം.എസ്. നിഷാദ്, ബി.പി. മുസ്തഫ, ഒതയോത്ത് രമേശൻ, കെ.വി. രജീഷ്, സി.കെ. രമേശൻ തുടങ്ങിയവർ കലാശക്കൊട്ടിന് നേതൃത്വം നൽകി.
വൻ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് വിജയിക്കുമെന്ന് നേതാക്കൾ പറഞ്ഞു. സ്ഥാനാർഥിയെ വൻ ഹർഷാരവത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. പുതിയ ബസ് സ്റ്റാൻഡ് ക്ലോക്ക് ടവറിന് സമീപം നടന്ന എൻ.ഡി.എ കലാശക്കൊട്ടിൽ സ്വാനാർഥി പ്രഫൂൽ കൃഷ്ണനും ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ. ഹരിദാസും ക്രെയിനിൽ കയറി നിന്ന് വോട്ടർമാരെ അഭിവാദ്യം ചെയ്തു. ഇ. മനീഷ്, എം.പി. സുമേഷ്, കെ. ലിജേഷ്, കെ. അജേഷ്, കെ. അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
മാഹി: യു.ഡി.എഫ്- ആര്.എം.പി സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ അഴിയൂരില്‍ റോഡ് ഷോ നടത്തി. ആസ്യ റോഡില്‍നിന്ന് തുടങ്ങിയ റാലി അഴിയൂർ സ്കൂള്‍ പരിസരത്ത് സമാപിച്ചു. റോഡ്ഷോ കടന്നുപോയ പ്രദേശങ്ങളിലെല്ലാം നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യംവിളികളോടെ സ്ഥാനാർഥിയെ വരവേറ്റു.
കോട്ടയില്‍ രാധാകൃഷ്ണന്, കുളങ്ങര ചന്ദ്രന്, ടി.സി.രാമചന്ദ്രന്, കെ.അന്‍വര്‍ഹാജി, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, യു.എ.റഹീം, എൻ.പി.അബ്ദുള്ള ഹാജി, വി.കെ.അനില്‍കുമാര്‍, പി.കെ.കോയ എന്നിവര്‍ നേതൃത്വം നല്കി.
വടകരയിൽ പൊടിപാറി
വടകര: കലാശക്കൊട്ട് അതിരുവിട്ട് സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ വടകരയിലൊരുക്കിയ കോർണർ മീറ്റിങ്ങിൽ പൊടിപാറിയ പ്രചാരണം. യു.ഡി.എഫ്, എൽ. ഡി.എഫ്, എൻ.ഡി.എ കക്ഷികൾക്കനുവദിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം. യു.ഡി.എഫിന് അഞ്ചുവിളക്ക് ജങ്ഷൻ, എൽ.ഡി.എഫ് ലിങ്ക് റോഡ് ജങ്ഷൻ, എൻ.ഡി.എക്ക് വടകര പുതിയ സ്റ്റാൻഡ് എന്നിങ്ങനെയായിരുന്നു കോർണർ മീറ്റിങ്ങിന് അനുവദിച്ച് നൽകിയത്.
ബുധനാഴ്ച പുലർച്ച മുതൽ ഉൾപ്രദേശങ്ങളിൽ കറങ്ങിയ പ്രചാരണ വാഹനങ്ങൾ ഉച്ചയോടെ ടൗൺ കേന്ദ്രീകരിച്ച് നേരത്തെയുള്ള തീരുമാന പ്രകാരമുള്ള സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കുകയായിരുന്നു. നഗരം വൈകീട്ടോടെ മുന്നണികളുടെ നിയന്ത്രണത്തിലായി.
ലിങ്ക് റോഡ് ജങ്ഷൻ മുതൽ പഴയ ബസ് സ്റ്റാൻഡ് വരെ ഇടതു മുന്നണി പ്രവർത്തകരും പഴയ ബസ് സ്റ്റാൻഡ് മുതൽ അഞ്ചുവിളക്ക് ജങ്ഷൻവരെ യു.ഡി.എഫ് പ്രവർത്തകരും കൈയടക്കി. സ്ഥാനാർഥികളാരും തന്നെ വടകരയിൽ കലാശക്കൊട്ടിൽ പങ്കാളികളായില്ല. പ്രവർത്തകർ ഒഴുകിയെത്തിയതോടെ ഇരു മുന്നണി പ്രവർത്തകരുമായി ഏറെ നേരം തർക്കം ഉണ്ടായി.
പഴയ ബസ് സ്റ്റാൻഡിന് മുൻവശം ഇരു മുന്നണികളും നിലയുറപ്പിച്ചതോടെ ഏറെനേരം ഏറ്റുമുട്ടലിന്റെ ഘട്ടം എത്തിയപ്പോൾ പോലീസ് ഇടപെട്ട് വടം കെട്ടി രണ്ടു മുന്നണി പ്രവർത്തകരെയും തമ്മിൽ ഏറ്റുമുട്ടാൻ കഴിയാത്ത രീതിയിൽ വിന്യസിക്കുകയായിരുന്നു. കലാശക്കൊട്ട് കാണാൻ നഗരത്തിൽ വൻ ജനാവലി ഒഴുകിയെത്തി. വാഹന ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. ആറുമണി വരെയായിരുന്നു പ്രചാരണം അവസാനിക്കേണ്ട സമയം.
എന്നാൽ, പൊലീസിന്റെ അഭ്യർഥന മാനിച്ച് 5.15 ഓടെ പ്രചാരണം അവസാനിപ്പിച്ചു. ഡിവൈ.എസ്.പി കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സി.ഐ ടി.പി. സുമേഷ്, എസ്.ഐമാരായ കെ. മുരളീധരൻ, ധന്യ കൃഷ്ണൻ, മോഹൻദാസ് എന്നിവരും കേന്ദ്ര സേനയിലെ 50ഓളം അംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരുടെയും വൻപട സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കം പൂർത്തിയായി. ജില്ലയില്‍1866 പോളിങ് സ്റ്റേഷനുകളും സജ്ജമായി. ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലായി ആകെ 21,16,876 പേരാണ് വോട്ടര്‍മാർ. ഇതില്‍ 11,14,246 പേര് സ്ത്രീകളും 10,02622 പുരുഷന്മാരും എട്ടുപേര്‍ ട്രാന്‍സ്ജെൻഡർമാരും.
പോളിങ് ഡ്യൂട്ടിക്കായി 8,972 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ നിയോഗിച്ചതെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും ജില്ല കലക്ടറുമായ അരുണ്‍ കെ. വിജയന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും വൈദ്യുതി, കുടിവെള്ളം, ടോയ് ലറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും. തണല്‍, വരാന്ത സൗകര്യം എന്നിവ ഇല്ലാത്ത സ്ഥലങ്ങളില്‍ പന്തല്‍ ഒരുക്കും.
ഭിന്നശേഷി സൗഹൃദം
സഞ്ചരിക്കാന്‍ പരസഹായം ആവശ്യമുള്ള 85 വയസ്സ് കഴിഞ്ഞ മുതിര്ന്നപൗരന്മാര്, ഭിന്നശേഷിക്കാര്‍ എന്നിവര്‍ പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യുന്നതിന് എസ്.പി.സി, എൻ.എസ്.എസ് വളന്റിയര്‍മാരുടെ സേവനമുണ്ടാകും.
അന്ധരും കാഴ്ച പരിമിതരുമായവര്‍ക്ക് സ്വന്തമായി വോട്ട് ചെയ്യുന്നതിന് ബ്രയിലി ലിപി അടയാളപ്പെടുത്തിയിട്ടുള്ള ഇ.വി.എം, വി.വി പാറ്റ് വോട്ടിങ് യന്ത്രം സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ എമര്‍ജന്‍സികള്‍ വരുന്ന ഘട്ടത്തില്‍ സെക്ടറല്‍ ഓഫിസര്‍മാര്‍ മുഖാന്തിരം മെഡിക്കല്‍ കിറ്റുകള്‍, ആംബുലന്‍സ് സൗകര്യം തുടങ്ങിയവ ലഭ്യമാക്കും.
1,866 ബൂത്തുകളിലായി 2,664 കാമറകളാണ് സജ്ജമാക്കുക. കലക്ടറേറ്റില്‍ സജ്ജമാക്കിയ വെബ്കാസ്റ്റിങ് കണ്ട്രോള് റൂമും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നുണ്ട്.
കണ്ണൂര്‍ മണ്ഡലത്തില്‍ ഹേം വോട്ടിങ്ങിന് അര്‍ഹരായ 10,960ല്‍ 10,565 പേരും വോട്ട് രേഖപ്പെടുത്തി. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 8,074 പേരും 2,491 ഭിന്നശേഷിക്കാരുമാണ് ഏഴു നിയമസഭ മണ്ഡലങ്ങളിലായി സമ്മതിദാന അവകാശം വിനിയോഗിച്ചത്.
395 പേര് മാത്രമാണ് ഈ വിഭാഗത്തില്‍ ബാക്കിയായത്. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍, കണ്ണൂര്‍ റൂറല്‍ എസ്.പി എം. ഹേമലത, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ് എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 27ന് രാവിലെ ആറു വരെ 144 വകുപ്പ് പ്രകാരം വരണാധികാരിയും ജില്ല കലക്ടറുമായ അരുൺ കെ. വിജയനാണ് ഉത്തരവിറക്കിയത്. നിരോധനാജ്ഞ കാലയളവില്‍ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ഉച്ചഭാഷിണി ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നിരോധിച്ചു.
വീടുകൾ തോറും കയറിയുള്ള സന്ദർശനത്തിന് നിരോധനാജ്ഞ ബാധകമല്ല. ഈ കാലയളവിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗമോ ജാഥയോ വിളിച്ചുകൂട്ടുവാനോ നടത്തുവാനോ പങ്കെടുക്കുവാനോ അഭിസംബോധന ചെയ്യുവാനോ പാടില്ല. സിനിമാട്ടോഗ്രാഫ്, ടെലിവിഷൻ അല്ലെങ്കിൽ സമാനമായ മറ്റ് ഉപകരണങ്ങൾ മുഖേന ഏതെങ്കിലും തെരഞ്ഞെടുപ്പ് കാര്യങ്ങൾ പൊതുജനങ്ങളിലേക്ക് പ്രദർശിപ്പിക്കുവാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.