എടക്കാട്: ഏറെവർഷത്തെ കാത്തിരിപ്പിനൊടുവിൽ എടക്കാട് റെയിൽവേ സ്റ്റേഷൻ നടപ്പാലം യാഥാർഥ്യമായി. വടകര കഴിഞ്ഞാൽ ചരക്കിറക്ക് സൗകര്യമുള്ള ഗുഡ്ഷെഡ് ഉൾപ്പെടുന്നതും നിരവധി ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചിട്ടുള്ള തിരക്കേറിയ റെയിൽവേ സ്റ്റേഷനുമാണിത്.
മുഴപ്പിലങ്ങാട് എഫ്.സി.ഐ ഗോഡൗണിലേക്കുള്ള ധാന്യങ്ങളും വിവിധ കമ്പനികളുടെ സിമന്റുകളും ഇവിടെ എത്തിയാണ് ഗോഡോണുകളിലേക്ക് മാറ്റിക്കയറ്റുന്നത്.
ഇതിനായി ഗുഡ്സ് വാഗനുകൾ നിർത്തിയിടുന്നത് കാരണം ട്രെയിൻ യാത്രക്കാർക്ക് റെയിൽ മുറിച്ചുകടക്കൽ ഏറെ ദുരിതപൂർണമാണ്.
പലസമയത്തും യാത്രക്കാർ നിർത്തിയിട്ട വണ്ടിക്കടിയിലൂടെ അപകടകരമായ രീതിയിലാണ് കടക്കുന്നത്. നടപ്പാലം യാഥാർഥ്യമായതോടെ ഇത്തരം പ്രശ്നങ്ങൾ ഒഴിവായതായി നാട്ടുകാർ ചുണ്ടിക്കാട്ടി. നേരത്തേ തന്നെ ഈ ആവശ്യവുമായി നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഒപ്പുശേഖരണം ഉൾപെടെ കേന്ദ്ര സർക്കാറിൽ നിരന്തരമായ സമ്മർദം ചെലുത്തുകയും എം.പിക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു.
തുടർപ്രവർത്തനത്തിന്റെ ഭാഗമായാണ് എടക്കാട് റെയിൽവേ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2020 ൽ പാലത്തിന്റെ പ്രാരംഭപ്രവൃത്തി ആരംഭിച്ചത്. ഇപ്പോൾ പണിപൂർത്തിയാവുകയും പൊതുജനങ്ങൾ ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു. സ്റ്റേഷനിൽ ഇനി ട്രെയിനുകൾ നിർത്തിയിട്ടാലും പൊതുജനങ്ങൾക്ക് യഥേഷ്ടം കടന്നുപോകാനാവും.
എടക്കാട് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോം നവീകരണം ഉൾപ്പെടെ വലിയ തോതിലുള്ള വികസനമാണ് നടന്നുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.