കണ്ണൂർ: രണ്ടു സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ അമിത തുക വന്നതിനെ തുടർന്ന് ബില്ലടക്കാത്തതിന് ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. കോഴിക്കോട് തിരുവമ്പാടിയിലെ ഫ്യൂസ് ഊരലിന് പിന്നാലെയാണ് കണ്ണൂർ ചക്കരക്കല്ലിലും സമാനമായ രീതിയിൽ ഫ്യൂസ് ഊരിയത്. അമിതബില്ല് വന്നതിനെത്തുടർന്ന് കെ.എസ്.ഇ.ബിക്ക് പരാതി നൽകി മറുപടിക്കായി കാത്തിരിക്കുന്നതിനിടെയാണ് ഫ്യൂസ് ഊരിയത്. രണ്ട് സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ 10,781 രൂപയാണ് ബിൽ വന്നത്. ഇത് പരിശോധിക്കാൻ സെക്ഷൻ ഓഫിസിൽ ബന്ധപ്പെട്ടപ്പോൾ പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും മറുപടിയൊന്നും നൽകിയില്ല. ഇതിനിടെ, വീട്ടുകാർ പുറത്തുപോയ സമയത്ത് ആരെയും അറിയിക്കാതെ അധികൃതർ ഫ്യൂസ് ഊരുകയായിരുന്നു. വീട്ടുകാർ തിരിച്ചെത്തിയ സമയത്ത് കനത്ത കാറ്റും മഴയുമായിരുന്നതിനാൽ കറന്റ് പോയതാണെന്നാണ് കരുതിയത്. രാത്രിയായിട്ടും കറന്റ് വരാത്തതിനെ തുടർന്ന് തൊട്ടടുത്ത വീട്ടിൽ അന്വേഷിച്ചപ്പോഴാണ് ഫ്യൂസ് ഊരിയതാണെന്ന് മനസ്സിലായത്.
സെക്ഷൻ ഓഫിസിൽ ആദ്യം വിളിച്ച് അന്വേഷിച്ചപ്പോൾ ഫ്യൂസ് തങ്ങൾ ഊരിയതല്ലെന്നാണ് മറുപടി നൽകിയത്. തുടർന്ന് സ്ത്രീയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾ വീട്ടിലെത്തി പൊലീസിൽ അറിയിക്കുന്നതിനിടെയാണ് ഫ്യൂസ് ഊരിയത് തങ്ങളാണെന്നു പറഞ്ഞ് കെ.എസ്.ഇ.ബി അധികൃതർ തിരിച്ചുവിളിക്കുന്നത്. പരാതിയിൽ നടപടിയെടുക്കാത്തതോടെ തൊട്ടടുത്ത ദിവസം രാവിലെ വൈദ്യുതി ബില്ലടച്ചിട്ടും വൈകീട്ടോടെ മാത്രമാണ് ഫ്യൂസ് ഇട്ടത്.
അമിത ബില്ലിന്റെ കാര്യം അന്വേഷിച്ചപ്പോൾ കഴിഞ്ഞവർഷം ഇതേ തുക ബിൽ വന്നതുകൊണ്ടാവാം ഈ വർഷവും വന്നതെന്നാണ് വിശദീകരണം.
അതേസമയം, കഴിഞ്ഞ വർഷം വരെ ഡയാലിസിസ് രോഗിയുള്ളതിനാൽ മുഴുസമയവും ഇവർ എ.സി ഉപയോഗിച്ചിരുന്നു. എന്നാൽ, ഇദ്ദേഹത്തിന്റെ മരണശേഷം എ.സി ഉപയോഗിച്ചിട്ടുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.