ഗൃഹപ്രവേശന ചടങ്ങിൽ ജെ.എം. ബഷീറും കുടുംബവും ബ്രസീൽ ജഴ്സിയിൽ

ബഷീർ, ബ്രസീലിയ, വട്ടക്കുളം പി.ഒ

കണ്ണൂർ: ബഷീറിന്റെ സ്വപ്നഭവനം പൂർത്തിയായി. പേര് ബ്രസീലിയ. 80കാരി ഉമ്മ ജമീല മുതൽ എട്ടുമാസക്കാരൻ നിഹാൻവരെയുള്ള കുടുംബം മുഴുവൻ ഗൃഹപ്രവേശത്തിൽ പങ്കെടുത്തതാവട്ടെ ബ്രസീൽ ജേഴ്സിയിൽ. ആകെ മൊത്തം ഒരു മഞ്ഞമയം.

കാര്യം കളറാണെങ്കിലും ചടങ്ങിനെത്തിയവർക്കൊരു സംശയം, സംഭവം ഗൃഹപ്രവേശം തന്നെയല്ലേ കാല്പന്ത് മത്സരമൊന്നുമല്ലല്ലോ. കണ്ണൂർ കടലായി വട്ടക്കുളത്തെ ജെ.എം. ബഷീറെന്ന കട്ട ബ്രസീൽ ഫാനിനെ അറിയുന്നവർക്കൊന്നും ഇതിലൊരു പുതുമയും തോന്നിയില്ല. അവർക്ക് ബഷീറെന്നാൽ ബ്രസീലാണ്. മകൾക്ക് ബ്രസിലീയ എന്നുപേരിടാൻ പോയതും മുൻ ക്യാപ്റ്റൻ റായിയുടെ പേര് മകനിട്ടതുമെല്ലാം മഞ്ഞപ്പടയോടുള്ള അടങ്ങാത്ത ആവേശത്തിലാണ്.

വീടെന്ന ആഗ്രഹത്തിനുമപ്പുറം ഹൃദയത്തിൽ കൂടുകൂട്ടിയ സ്വപ്നടീമിന്റെ പേര് വരാന്തയിൽ തൂക്കിയതും അതേ ആവേശത്തിന്റെ തുടർച്ച. സഹോദരന് മഞ്ഞപ്പടയോടുള്ള മൊഹബ്ബത്ത് അറിയുന്ന സഹോദരി റിഷാനയാണ് ചടങ്ങിൽ ധരിക്കാനായി ജേഴ്സി ഓർഡർ ചെയ്തത്. സഹോദരങ്ങളും ഭാര്യയും മക്കളും അടുത്ത ബന്ധുക്കളുമെല്ലാം മഞ്ഞയിൽ. ഉമ്മ ജമീല സച്ചിന്റെയും മുംബൈ ഇന്ത്യൻസിന്റെയും ആരാധികയാണെങ്കിലും ബഷീറിന്റെ മഞ്ഞപ്പടയോട് ഐക്യപ്പെട്ടു.

1980 മുതൽ പത്രങ്ങളിലും മാഗസിനുകളിലും വരുന്ന ഫുട്ബാൾ വാർത്തകളും ചിത്രങ്ങളും കണ്ണൂർ കേന്ദ്രീകരിച്ച് പുറത്തിറങ്ങിയ ഫുട്ബാൾ ഫ്രന്റ്സ് സ്പോർട്സ് മാസികകളും നിധിപോലെ സൂക്ഷിച്ചുവെക്കുന്ന മകന്റെ കളിപ്രാന്ത് ഉമ്മക്ക് നന്നായറിയാം. സുഹൃത്തുക്കൾക്കിടയിൽ കാല്പന്തുകളിയുടെ സർവവിജ്ഞാനകോശമാണ് ബഷീർ. പതിറ്റാണ്ടുകളായി ലാറ്റിനമേരിക്കൻ ചരിത്രവും ടീമുകളുടെയും താരങ്ങളുടെയും വിവരങ്ങളും വിശേഷങ്ങളും കാണാപ്പാഠമാണ്.

സുഹൃത്തുക്കൾക്കിടയിലെ ഫുട്ബാൾ തർക്കങ്ങൾക്ക് പരിഹാരംകാണാൻ അവസാന വാക്കും ബഷീറിന്റെതുതന്നെ. ഒരുകാലത്ത് എല്ലാ പത്രങ്ങളുടെയും സ്പോർട്സ് പേജുകൾ മനഃപാഠമായിരുന്നു. ജോലിയാവശ്യാർഥം ഖത്തറിലെത്തിയപ്പോൾ വായന വിപുലീകരിച്ചു. അറബിപത്രങ്ങളിൽ സ്പോർട്സ് പേജുകൾ വർധിക്കുന്നതിനനുസരിച്ച് ബഷീറിന്റെ അറിവും വർധിച്ചു.

ഭാര്യ സജിലയും മക്കളായ റുഖിയ സൈനബ്, ഫാത്തിമ റീം, ലുഹ ആയിഷ, റായി മുഹമ്മദ് ബഷീർ എന്നിവരും ബഷീറിന്റെ മഞ്ഞപ്പട സ്നേഹത്തിന് പിന്തുണയുമായുണ്ട്. വർഷങ്ങളായി ഖത്തർ സാദ് മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷനിൽ സെയിൽസിൽ ജോലിനോക്കുന്ന ബഷീർ അടുത്തമാസം തിരിച്ചുപോകും. അങ്ങ് ഖത്തറിലും ഇങ്ങ് ബ്രസീലിയയിലും ഇനി വരുന്നത് ലോകകപ്പിന്റെ ആവേശമാണ്.

Tags:    
News Summary - Family participated in the housewarming in Brazil Jersey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.