കണ്ണൂർ: ജില്ലയിലെ ചില ഭാഗങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്​ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ ശരീരത്തിലെ മുറിവുകള്‍വഴി മനുഷ്യരിലേക്ക് പകര്‍ന്നാണ് എലിപ്പനിയുണ്ടാകുന്നത്.

ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍, വയലില്‍ പണിയെടുക്കുന്നവര്‍, ഓട, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ തുടങ്ങിയവ വൃത്തിയാക്കുന്നവര്‍ എന്നിവരിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. അതിനാല്‍, മലിനജലവുമായി സമ്പര്‍ക്കമുള്ളവരും ഉണ്ടാവാന്‍ സാധ്യതയുള്ളവരും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്‍ കഴിക്കണം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലും ഇത് സൗജന്യമായി ലഭിക്കും. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയുമാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.കണ്ണില്‍ ചുവപ്പ്, മൂത്രത്തി​െൻറ അളവില്‍ കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ഡി.എം.ഒ നിര്‍ദേശിച്ചു.

ശുചീകരണം, മൃഗപരിപാലനം പോലുള്ള ജോലികള്‍ ചെയ്യുന്നവര്‍ കൈയുറകളും കട്ടിയുള്ള റബര്‍ ബൂട്ടുകളും ഉപയോഗിക്കണം. പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മലമൂത്രാദികള്‍ വ്യക്തിസുരക്ഷയോടെ കൈകാര്യം ചെയ്യണം.

കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കണം. കുടിവെള്ളത്തിലും ആഹാര സാധനങ്ങളിലും എലികളുടെ വിസര്‍ജ്യ വസ്തുക്കള്‍ കലരാതിരിക്കാന്‍ എപ്പോഴും മൂടിവെക്കണം. മുറിവുള്ളപ്പോള്‍ കുട്ടികള്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കളിക്കരുത്. ഭക്ഷ്യസാധനങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കണം. ഇത്തരം മുന്‍കരുതലുകള്‍ പൊതുജനങ്ങള്‍ സ്വീകരിക്കണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

Tags:    
News Summary - Fear of Leptospirosis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.