കണ്ണൂർ: വിഷുപ്പുലരിക്ക് രണ്ടുനാൾ മാത്രം ശേഷിക്കെ നാടും നഗരവും ആഘോഷത്തെ വരവേൽക്കുന്ന തിരക്കിൽ. കത്തുന്ന ചൂടിലും വിഷുവിനുള്ള തയാറെടുപ്പുകൾക്കായി നഗരത്തിലെത്തുകയാണ് ജനം. പടക്ക വിപണിയിൽ സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം മാറിയ സാഹചര്യത്തിൽ വലിയ പ്രതീക്ഷയിലാണ് ഇത്തവണ പടക്ക വ്യാപാരികൾ.
പീക്കോക്, ഫ്ലാഷ്, സ്കൈഷോ, ഹെലികോപ്ടർ, റിവേഴ്സ്ചക്രം, മാലപ്പടക്കം, ഗോൾഡ് കോയിൻ, ഹൈ വോൾട്ടേജ് തുടങ്ങി വ്യത്യസ്ത പേരുകളിലുള്ള പടക്കങ്ങളാണ് വിപണിയിൽ. വലിയ ശബ്ദത്തിൽ പൊട്ടുന്ന പടക്കങ്ങളെക്കാൾ വർണവിസ്മയം തീർക്കുന്ന പടക്കങ്ങളാണ് വിപണിയിലെ താരം.
അഞ്ച് വ്യത്യസ്ത വർണങ്ങളിൽ ലഭിക്കുന്ന കമ്പിത്തിരിയാണ് ഇപ്രാവശ്യം കൂടുതൽ ആളുകളും ചോദിച്ചെത്തുതെന്ന് വ്യാപാരികൾ പറഞ്ഞു. ഉഗ്രശബ്ദത്തിൽ പൊട്ടുന്ന ഗുണ്ട്, ഓലപ്പടക്കം, മാലപ്പടക്കം തുടങ്ങിയവക്കും ആവശ്യക്കാരേറെ. കത്തിയശേഷം മയിലിനെ പോലെ വിരിയുന്ന പീകോക്ക്, കറങ്ങിയ ശേഷം വീണ്ടും പല വർണങ്ങളിൽ കറങ്ങുന്ന റിവേഴ്സ്ചക്രം, മൂന്നുവട്ടം കറങ്ങുന്ന റോക്കറ്റ് തുടങ്ങിയവ വിപണിയെ ആകർഷകമാക്കുന്നു.
കമ്പിത്തിരി പാക്കറ്റിന് 15 രൂപ മുതൽ 250 വരെയാണ് വില. 60 മുതൽ 650 രൂപവരെ വിലയുളള പൂക്കുറ്റി, 60 മുതൽ 400 വരെയുളള നിലചക്രം തുടങ്ങിയവയും വിപണിയിലുണ്ട്. വലുപ്പത്തിനും വർണങ്ങൾക്കും അനുസരിച്ചാണ് ഇവയുടെ വില. സാധാരണക്കാർക്ക് പ്രിയം ഇത്തരം ഇനങ്ങളോടാണ്.
ആവശ്യക്കാർക്ക് നിശ്ചിത പടക്കങ്ങളടങ്ങിയ പാക്കറ്റുകളും വിപണിയിൽ ലഭ്യമാണ്. കുട്ടികളുടെ പ്രിയ ഇനമായ ചക്രത്തിന് 30 രൂപ മുതലാണ് വില. പീക്കോക്കിന് 180 രൂപ മുതലും ഫ്ലാഷിന് 100 മുതലും റിവേഴ്സ്ചക്രത്തിന് 150 മുതൽ 250 വരെയും മാലപ്പടക്കത്തിന് 100 മുതൽ 1000 രൂപ വരെയുമാണ് വില.
വലിയ തോതിൽ ആളുകളെത്തുന്നതിനാൽ ഇത്തവണത്തെ സീസൺ പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ. ഇവിടെ എത്തുന്ന പടക്കങ്ങളുടെ 90 ശതമാനവും ശിവകാശിയിൽനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.