തലശ്ശേരി: ഖത്തറിൽ 20ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ആവേശത്തിമിർപ്പിൽ നാടും നഗരവും. ഓരോ ടീമിന്റെയും കൊടിതോരണങ്ങളുമായി ലോകകപ്പിനെ വരവേൽക്കാൻ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ മത്സരരംഗത്തുള്ള രാജ്യങ്ങളുടെ കൊടികളും തോരണങ്ങളും കെട്ടി അലങ്കരിക്കുന്ന തിരക്കാണ് നാടെങ്ങും. ഫാന്‍സുകാര്‍ തമ്മിലുള്ള വാശി ഓരോ പ്രദേശത്തെയും അലങ്കാരത്തിൽ പ്രകടമാണ്. അടുത്തടുത്താണ് ഓരോ ടീമിന്റെയും തോരണങ്ങൾ.
ലോകകപ്പിന്റെ കൊടിതോരണങ്ങൾ ആരാധകരിലെത്തിക്കാൻ നഗരത്തിലെ കടകളും സജീവമായി. ലോകകപ്പിൽ മാറ്റുരക്കുന്ന ബ്രസീല്‍, അര്‍ജന്റീന, പോർചുഗല്‍, ഫ്രാൻസ്, ജർമനി, സ്പെയിൻ, ബെൽജിയം, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, ഇറ്റലി, ഉറുഗ്വായ് തുടങ്ങിയ രാജ്യങ്ങളുടെ കൊടികളും തോരണങ്ങളുമാണ് വിൽപ്പനക്കുള്ളത്. ബ്രസീല്‍, അര്‍ജന്റീന, പോർചുഗല്‍ ടീമുകളുടെ കൊടികൾക്കാണ് ആവശ്യക്കാരേറെ. ലോകകപ്പ് അടുക്കുംതോറും കൊടിതോരങ്ങൾക്കായി ഏറെപ്പേർ എത്തുന്നുണ്ടെന്ന് വ്യാപാരികളിലൊരാളായ ഇ.കെ. ജലാലുദ്ദീൻ പറയുന്നു. വിദ്യാർഥികളാണ് ആവശ്യക്കാരിൽ ഏറെയും.
വ്യത്യസ്ത വലുപ്പത്തിലുള്ള കൊടികൾ വിപണിയിലുണ്ട്. ഒരു മീറ്റർ വലുപ്പമുള്ള കൊടിക്ക് 200 രൂപയാണ് വില. വലുപ്പമനുസരിച്ച് 2000 രൂപ വരെ വിലയുള്ള കൊടികൾലഭ്യമാണ്. നഗര-ഗ്രാമങ്ങൾ അലങ്കരിക്കാന്‍ തോരണങ്ങൾക്കാണ് കൂടുതല്‍ ചെലവ്. ചൂടപ്പം പോലെയാണ് ഇവ വിറ്റഴിയുന്നത്. ഒരു മീറ്ററിന് ഏഴു രൂപ നിരക്കിലാണ് ഇത് വിൽക്കുന്നത്. വിവിധ ടീമുകളുടെ പതാക, ജഴ്സി, കീചെയിൻ എന്നിവയും വിൽപനക്കുണ്ട്. കൊടിക്ക് ഒന്നിന് 100 രൂപയാണ് വില. ജഴ്സിക്ക് 200 ഉം കീചെയിനിന് 25 ഉം രൂപയാണ് വില.
ടീമുകളുടെ ജഴ്സികൾക്ക് വൻ ഡിമാൻഡാണ്. ചെറിയ കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഇഷ്ടടീമിന്റെ ജഴ്സികള്‍ ധരിച്ച് ലോകകപ്പ് വലിയ സ്ക്രീനുകളില്‍ കാണാന്‍ തയാറായി നില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ ജഴ്സികൾക്ക് ക്ഷാമമുണ്ടാകുമോ എന്ന ആശങ്ക കട ഉടമകളെല്ലാം പങ്കുവെക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ ഇവയുടെ സ്റ്റോക്ക് പലകടകളിലും തീര്‍ന്നിരിക്കുകയാണ്. ഉടന്‍ സ്റ്റോക്കുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍.
അര്‍ജന്റീന താരം ലയണല്‍ മെസിയുടെ നമ്പറിലുള്ള ജഴ്സിക്കാണ് ആവശ്യക്കാരേറെ.
വരുംദിവസങ്ങളില്‍ കായിക ഉല്പന്നങ്ങള് വാങ്ങാന്‍ കൂടുതൽ ആളുകളെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. നാദാപുരം, കടവത്തൂർ, മാഹി, ധർമടം, കൊട്ടിയൂർ, ചൊക്ലി, ഒളവിലം, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ലോകകപ്പ് അലങ്കാരങ്ങൾ വാങ്ങാൻ ആളുകൾ ഏറെയും തലശ്ശേരിയിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.