കണ്ണൂർ: ഏറെ നാളുകൾക്കുശേഷം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) മജിസ്ട്രേട്ട് എത്തുന്നു. ഇതോടെ കോടതിയിൽ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് കേസുകൾക്ക് തീർപ്പാകുമെന്നാണ് പ്രതീക്ഷ.10 മാസത്തിലധികമായി ഈ കോടതിയിൽ ന്യായാധിപൻ ഇല്ലാതായിട്ട്.
സ്ഥാനക്കയറ്റം കിട്ടി പോയ മജിസ്ട്രേറ്റിന് പകരം നിയമനം നടക്കാത്തതായിരുന്നു പ്രതിസന്ധിക്ക് കാരണം. ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികളിലൊന്നാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്). ദിവസം 300നടുത്ത് കേസുകളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
ന്യായാധിപനില്ലാത്തതിനാൽ നിരവധി കേസുകളാണ് തീർപ്പുകൽപിക്കാനുള്ളത്. നിലവിൽ അവധിയിലായ കോഴിക്കോട് വെങ്ങാടി സ്വദേശി മുഹമ്മദ് ഷഹ്ഷാദാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ന്യായാധിപനായി എത്തുന്നത്. അവധി തീരുന്ന ദിവസമായ വ്യാഴാഴ്ച ഇദ്ദേഹം കണ്ണൂരിലെത്തി ചുമതല ഏറ്റെടുക്കും.
കണ്ണൂർ സിറ്റി, വളപട്ടണം, മയ്യിൽ, ഇരിക്കൂർ, അഴീക്കൽ കോസ്റ്റൽ, കണ്ണൂരിലെയും കാസർകോട്ടെയും റെയിൽവേ പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ ക്രിമിനൽ കേസുകൾ ഈ കോടതിയുടെ പരിധിയിലാണ് വരുന്നത്. പുതിയ മജിസ്ട്രേറ്റ് വന്നാലും കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിന് ഇനിയും സമയമെടുക്കും.
മണൽ, മയക്കുമരുന്ന് കേസുകൾ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്നത് ഈ കോടതിയുടെ പരിധിയിലാണ്. അതിനാൽ ഈ വിഭാഗത്തിൽപെട്ട മുൻകാലത്തെ കേസുകൾതന്നെ വിചാരണക്കായി കോടതിയിൽ കെട്ടികിടക്കുകയാണ്.
സാധാരണ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി മജിസ്ട്രേറ്റിനാണ് ഈ കോടതിയുടെ ചുമതലയും നൽകുന്നത്. എന്നാൽ, ആ കോടതിയിലും നിരവധി കേസുണ്ടായതിനാൽ ഇവിടേക്ക് കാര്യമായ ശ്രദ്ധ പതിയാറില്ല. അതിനാൽ അടിയന്തര കേസുകൾ മാത്രമാണ് പരിഗണിക്കുക. മാറ്റിവെക്കാനുള്ള കേസുകൾ സാധാരണ മാറ്റിവെക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
പുതിയ ന്യായാധിപൻ ചുമതലയേൽക്കുന്നതോടെ കെട്ടിക്കിടക്കുന്ന നിരവധി കേസുകൾ തീർപ്പുകൽപിക്കാൻ എടുക്കുന്നത് പൊലീസിനും ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.