കണ്ണൂർ: തോട്ടട ഹൗസിങ് കോളനിക്കു സമീപത്ത് വസ്ത്രവ്യാപാരകേന്ദ്രത്തിൽ വൻതീപിടിത്തം. തോട്ടട ശ്രീനാരായണ കോളജിന് പിറകുവശം അവേര റോഡിൽ ധർമപുരി ഹൗസിങ് കോളനിക്ക് എതിർ വശത്തായി പ്രവർത്തിക്കുന്ന അമ്പാടി എന്റർപ്രൈസസ് വസ്ത്ര വ്യാപാരകേന്ദ്രമാണ് കത്തിനശിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. കോട്ടൺ യാൺ സൂക്ഷിച്ച ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാരൻ നോക്കിയപ്പോഴാണ് തീപടരുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തലശ്ശേരിയിൽ നിന്നും കണ്ണൂരിൽ നിന്നുമായി എട്ട് അഗ്നിരക്ഷാ സേന യൂനിറ്റ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. ചെന്നൈ ആസ്ഥാനമായുള്ള മുരുഗപ്പ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തി നശിച്ചത്.
തുണിത്തരങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് അമ്പാടി എന്റർപ്രൈസസ്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. കണ്ണൂർ കോർപറേഷനിലെ കിഴുത്തള്ളി ഡിവിഷനിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. തൊഴിലാളികളും ജീവനക്കാരും ജോലി കഴിഞ്ഞുപോയ ശേഷം തീപിടിത്തമുണ്ടായതിനാൽ ആളപായം ഒഴിവായി.
വസ്ത്രങ്ങളും യന്ത്രങ്ങളും ഫർണിച്ചറുകളും പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടർന്ന് പ്രദേശമാകെ പുകയുയർന്നിരിക്കുകയാണ്. 2008 മുതൽ ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 85 തൊഴിലാളികളും 34 ജീവനക്കാരുമാണ് ജോലി ചെയ്യുന്നത്. രാത്രി വൈകിയും തീയണക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. സ്ഥാപനം ഏതാണ്ട് പൂർണമായും കത്തി നശിച്ച നിലയിലാണ്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.