കണ്ണൂർ: മത്സ്യത്തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭ സമിതി സിറ്റിങ്ങിൽ പരാതികളുടെ കെട്ടഴിച്ച് മത്സ്യത്തൊഴിലാളികൾ. ആയിക്കര മാപ്പിളബേ ഹാർബറിലെ ഡ്രഡ്ജിങ് മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗപ്പെടുന്നില്ലെന്ന് തൊഴിലാളികൾ സിറ്റിങ്ങിൽ അറിയിച്ചു. ആക്ഷേപം സർക്കാറിനെ അറിയിക്കുമെന്നും അടിയന്തരമായി നടപടിയുണ്ടാകുമെന്നും സമിതി ചെയർമാൻ പി.പി. ചിത്തരഞ്ജൻ എം.എൽ.എ അറിയിച്ചു. തീരദേശ പരിപാലന മേഖല നിയമ പ്രകാരം കടൽക്കരയിലും പുഴക്കരയിലും താമസിക്കുന്നവർക്ക് വീട് നിർമാണത്തിലും നിർമിച്ച വീടുകൾക്ക് കെട്ടിടനമ്പർ ലഭിക്കുന്നതിലും ലഭിക്കുന്ന പ്രയാസങ്ങൾ സമിതി മുമ്പാകെ വന്നു.
2019ലെ തീരദേശ പരിപാലന മേഖല നിയമപ്രകാരം വിജ്ഞാപന പ്രകാരം പോലും വീട് നിർമിക്കാനുള്ള പ്രയാസം സമിതി സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും ചെയർമാൻ പറഞ്ഞു.
മത്സ്യബന്ധന തുറമുഖങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയായ ഹാർബർ മാനേജ്‌മെൻറ് കമ്മിറ്റി യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കാൻ മത്സ്യത്തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭ സമിതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സിറ്റിങ്ങിൽ മൂന്ന് പരാതികളാണ് പരിഗണിച്ചത്. 20 പരാതികൾ പുതുതായി സ്വീകരിച്ചു. മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് ഫീസ്, പെർമിറ്റ് ഫീസ് എന്നിവയുടെ വർധനവിൽ ഇളവ് നൽകണം, ഫിഷറീസ് റെസ്‌ക്യൂ ഗാർഡുമാരുടെ വേതനം വർധിപ്പിക്കണം എന്നീ ആവശ്യങ്ങൾ സമിതി സർക്കാറിന്റെ അടിയന്തര ശ്രദ്ധയിൽപെടുത്തും.
ജില്ലയിലെ തെക്കുമ്പാട് പാലത്തിന്റെയും മടക്കര -മാട്ടൂൽ പാലത്തിന്റെയും നിർമാണത്തിന് പുഴയിൽ തള്ളിയ ചരൽമണൽ പൂർണമായി നീക്കി വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്കിനും അതിലൂടെ മത്സ്യബന്ധനം സുഗമമാക്കാനും നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നൽകിയ പരാതി സമിതി പരിഗണിച്ചു. ഇതുസംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയർക്ക് സമിതി നിർദേശം നൽകി.
അഴീക്കല്‍ തുറമുഖ വികസനം; 25 കോടിയുടെ പദ്ധതി അനുമതി വേഗത്തിലാക്കും
കണ്ണൂർ: അഴീക്കല്‍ മത്സ്യ ഹാര്‍ബറിന്റെ സമഗ്രവികസത്തിനായി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച 25 കോടി രൂപയുടെ പദ്ധതിക്ക് വേഗം അനുമതി ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്ന് നിയമസഭ സമിതി.
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമത്തിനായുള്ള നിയമസഭ സമിതി അംഗങ്ങള്‍ അഴീക്കല്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് സര്‍ക്കാറിന് ശിപാര്‍ശ നല്‍കും.
അഴീക്കല്‍ ഹാര്‍ബറിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്കാണ് കെ.വി. സുമേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയത്. തൊഴിലാളികള്‍ക്കുള്ള വിശ്രമമുറി, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള മുറി, ശുചിമുറി ബ്ലോക്ക്, മത്സ്യം വാഹനത്തില്‍ കയറ്റാനും പാര്‍ക്കിങ്ങിനുമുള്ള സൗകര്യം, ഫിഷറീസ് വകുപ്പിന്റെ ഓഫിസ്, ഫിഷറീസ് സ്‌കൂള്‍ മൈതാനം എന്നിവയുടെ നവീകരണം, സൗന്ദര്യവത്കരണം, ആധുനിക ലേലപ്പുര തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
12 വര്‍ഷത്തിലധികം പഴക്കമുള്ള മരബോട്ടുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി തൊഴിലാളികള്‍ സമിതിയെ അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് പഴക്കമുള്ള ബോട്ടുകളുടെ ലൈസന്‍സ് പുതുക്കാത്തതെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് സമിതി അധ്യക്ഷനായ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.