കണ്ണൂർ: കോർപറേഷൻ ബജറ്റിൽ കക്കാട് പുഴയുടെ സൗന്ദര്യവത്കരണത്തിന് പ്രത്യേക തുക അനുവദിച്ചതിലൂടെ തെളിനീരൊഴുക്കിന്റെ പുത്തൻ പ്രതീക്ഷയിലാണ് പ്രദേശവാസികൾ. കൈയേറ്റവും മാലിന്യ തള്ളലുംമുലം നാശത്തിന്റെ വക്കിലായ കക്കാട് പുഴയുടെ സൗന്ദര്യവത്കരണത്തിന്റെ രണ്ടാംഘട്ടത്തിനായി അഞ്ച് കോടിയാണ് ബജറ്റിൽ നീക്കിവെച്ചത്. ഒന്നാംഘട്ടത്തിൽ, സ്വകാര്യ വ്യക്തികൾ കൈയേറിയ പുഴയുടെ ഭാഗമായുള്ള ഏക്കർ കണക്കിന് ഭൂമി തിരിച്ചുപിടിക്കാനും മതിൽ കെട്ടാനും ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് രണ്ടാംഘട്ട പ്രവൃത്തി.
രണ്ടാംഘട്ടത്തിൽ പുഴയെ പുനരുജ്ജീവിപ്പിച്ച് കൈയേറ്റങ്ങൾ ഒഴിവാക്കി തീരങ്ങൾ ഹരിതാഭമാക്കാനും പുഴയോരത്ത് വിശ്രമ കേന്ദ്രമൊരുക്കാനും പദ്ധതികൾ തയാറാക്കും. ഇതിനായാണ് ബജറ്റിൽ പ്രത്യേകമായി തുക വകയിരുത്തിയത്.
പുഴയോരത്ത് വിശ്രമ കേന്ദ്രം ഒരുക്കുന്നതിലൂടെ വിനോദ സഞ്ചാര കേന്ദ്രം ഒരുക്കാനും തുടർ പദ്ധതിയിലായി കോർപറേഷന്റെ ആലോചനയിലുണ്ട്. ഇതിലൂടെയൊക്ക മാലിന്യ വാഹിനിയായ പുഴയുടെ പുനർജനിയാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഒരു കോടി രൂപയുടെ മാസ്റ്റർ പ്ലാനായിരുന്നു കോർപറേഷന് തയാറാക്കിയത്. പുഴയിലെ ചളിനീക്കി വെള്ളത്തിന്റെ ശുദ്ധമായ ഒഴുക്കിനുള്ള പ്രവൃത്തിയായിരുന്നു തീരുമാനിച്ചത്. എന്നാൽ, ഇത് പൂർണതോതിൽ നടപ്പാകാത്ത സ്ഥിതിയാണ്. പക്ഷിസേങ്കതമായതിനാൽ പുഴയും പുഴയോരവും പക്ഷിസൗഹൃദ കേന്ദ്രമാക്കാനുള്ള പ്രവൃത്തിയും പൂർത്തിയായിട്ടില്ല.
അറവ് മലിന്യമടക്കമുള്ളവ തള്ളുന്ന കേന്ദ്രമായിരുന്നു കക്കാട് പുഴ. വെള്ളത്തിന്റെ ഒഴുക്ക് നിലച്ച് ദുർഗന്ധം നിമിത്തം പ്രദേശവാസികൾ കടുത്ത ദുരിതത്തിലായിരുന്നു. ജില്ലയിലെ കാനാമ്പുഴ അടക്കമുള്ള പുഴയുടെ ശുചീകരണത്തിനായി വിവിധ പദ്ധതികൾ തയാറാക്കിയപ്പോൾ കക്കാട് പുഴയോടുള്ള അവഗണനക്കെരിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്നാണ് പുഴയുടെ നവീകരണത്തിനായി കോർപറേഷന്റെ നേതൃത്വത്തിൽ പദ്ധതികൾ തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.