കണ്ണൂർ: പ്രളയത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പ്രവർത്തനരീതികളും പൊതുജനങ്ങൾക്ക് മനസ്സിലാക്കാനും അടിയന്തര സാഹചര്യങ്ങളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുമായി മോക്ഡ്രിൽ സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് അഞ്ച് താലൂക്കുകളിൽ പ്രളയ, ഉരുൾപൊട്ടൽ ദുരന്തനിവാരണ മോക്ഡ്രിൽ നടത്തും. ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് മോക്ഡ്രിൽ നടത്തുക. ജില്ലയിൽ ഇരിട്ടി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ എന്നീ താലൂക്കുകളിലാണ് മോക്ഡ്രിൽ.
ഇരിട്ടിയിലെ തൊട്ടിപ്പാലം പുഴയോരത്ത് പ്രളയത്തിൽപെട്ട് ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തി ക്യാമ്പിലെത്തിക്കൽ, തലശ്ശേരിയിൽ എരഞ്ഞോളി പുഴക്ക് സമീപം വെള്ളം കയറിയ വീട്ടിലുള്ളവരെ മാറ്റിപ്പാർപ്പിക്കൽ, വെള്ളത്തിൽ വീണവരെ രക്ഷപ്പെടുത്തൽ, കണ്ണൂർ പുല്ലൂപ്പിക്കടവിൽ വെള്ളത്തിൽ വീണവരെ തോണി ഉപയോഗിച്ച് രക്ഷപ്പെടുത്തൽ, തളിപ്പറമ്പ് ശ്രീകണ്ഠപുരത്ത് പുഴവക്കിലുള്ള ആശുപത്രിയിലെ രോഗികളെ സുരക്ഷിതസ്ഥാനത്തുള്ള മറ്റ് ആശുപത്രിയിലേക്ക് മാറ്റൽ, പയ്യന്നൂർ പെരുമ്പ വെള്ളുവ കോളനിയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ മാറ്റിപ്പാർപ്പിക്കൽ എന്നീ രക്ഷാദൗത്യങ്ങളാണ് മോക്ഡ്രില്ലിൽ ആവിഷ്കരിക്കുക.
ആരോഗ്യവകുപ്പ്, ആർ.ടി.ഒ, പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, ഇറിഗേഷൻ, പ്ലാനിങ് എന്നീ വകുപ്പുകളുടെ ഏകോപനത്തോടെ താലൂക്കിന്റെ ചാർജുള്ള ഡെപ്യൂട്ടി കലക്ടർമാരാണ് മോക് എക്സൈസിന് നേതൃത്വം നൽകുക.
ദുരന്തമുന്നറിയിപ്പ് ലഭിക്കുന്നതോടെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകടസ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തും.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽനിന്നുള്ള പ്രത്യേക നിരീക്ഷകൻ സ്റ്റേറ്റ് എമർജൻസി ഓപറേഷൻ സെന്ററിലിരുന്ന് പ്രവർത്തനങ്ങൾ നിരീക്ഷിക്കും. ദേശീയ പ്രതിരോധ സേനകളുടെ ഉദ്യോഗസ്ഥരും നടപടികൾ നിരീക്ഷിക്കും. മോക്ഡ്രിൽ കണ്ടുനിൽക്കുന്നവർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.