മാതമംഗലം: എരമം കുറ്റൂര്‍ പഞ്ചായത്തിലെ വെള്ളോറയില്‍ പുലിയുടെ ആക്രമണം. വീടിനോട് ചേര്‍ന്നുള്ള കൂട്ടില്‍ കയറി ആടിനെ കൊന്നു. മറ്റൊരു ആടിനെ കടിച്ച് പരിക്കേല്‍പ്പിച്ചു. വെള്ളോറ അറക്കൽപ്പാറ ക്ഷേത്രത്തിന് സമീപം പന്തമ്മാക്കല്‍ രവീന്ദ്രന്റെ വീട്ടിലെ ആടിനെയാണ് പുലി പിടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച 2.30ഓടെയായിരുന്നു സംഭവം.
ആട്ടിന്‍കൂട്ടില്‍ തള്ളയും മുട്ടനാടും ഉള്‍പ്പെടെ അഞ്ച് ആടുകളാണുണ്ടായിരുന്നത്. ഇവയില്‍ ഒമ്പത് മാസം പ്രായമുള്ള രണ്ട് മുട്ടനാടുകളെയാണ് പുലി ആക്രമിച്ചത്. ആട്ടിന്‍ കൂടിന്റെ വാതിലിന് അടവുണ്ടായില്ല. അതിനാല്‍ പുലിക്ക് കൂട്ടില്‍ കയറാന്‍ എളുപ്പമായി. ചത്ത ആടിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്.
രണ്ട് ആടിനെയും കടിച്ചെടുത്തു കൊണ്ടുപോകാന്‍ ശ്രമിച്ചതാണെന്ന് കരുതുന്നു. ആടിന്റെ കരച്ചില് കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ആട്ടിന്‍കൂടിന് സമീപമെത്തിയപ്പോഴേക്കും പുലി കടന്നുകളഞ്ഞു. ആടിന് മുറിവേറ്റ നിലയില്‍ കണ്ടതോടെ വീട്ടുകാര്‍ ഭയന്ന് സമീപവാസികളെ വിവരമറിയിച്ചു. ഇതേസമയം പ്രദേശത്തെ യു.പി സ്കൂളില്‍ വ്യാഴാഴ്ച സംഘടിപ്പിച്ചിരുന്ന വിദ്യാരംഗം കലാസാഹിത്യ പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്നവര്‍ ഇവിടെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്തിയില്ല.
വിവരമറിഞ്ഞ് പുലര്‍ച്ച പെരിങ്ങോം പൊലീസും വനം വകുപ്പിലെ ബീറ്റ് ഓഫിസര്‍മാരും സ്ഥലത്തെത്തി. റബര്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ ആയിരത്തോളം ഏക്കര്‍ കൃഷിസ്ഥലങ്ങളുള്ള ആള്‍താമസം കുറഞ്ഞ പ്രദേശമാണ് അറക്കൽപ്പാറയും സമീപ സ്ഥലമായ കടവനാടും. ഇവിടെ ഏക്കറുകളോളം സ്ഥലങ്ങള്‍ കാടുപിടിച്ചുകിടക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി വെള്ളോറ, കക്കറ, കരിമണല്ക്കാവ് ഭാഗങ്ങളില്‍ പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ കാല്പാടുകള് കണ്ടെത്തുകയും തുടര്‍ന്ന് വനം വകുപ്പ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, നിരീക്ഷണ കാമറയില്‍ പുലിയുടെ ചിത്രങ്ങളൊന്നും പതിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വെള്ളോറയില്‍ പുലിയിറങ്ങി ആടിനെ കടിച്ചുകൊന്നത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പും എരമം കുറ്റൂര്‍ പഞ്ചായത്ത് അധികൃതരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.